കാസർകോട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടിയ കേസിൽ എസ്എഫ്‌ഐ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിൽ. കരിന്തളം കോളേജ് നൽകിയ പരാതിയിൽ നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പോലീസ് നോട്ടീസ് ലഭിച്ചത് പ്രകാരം വിദ്യ ഇന്ന് ഹാജരായിരുന്നു.
ഉച്ചയോടെയായിരുന്നു വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു അറസ്റ്റ്. അൽപ്പ നേരത്തിന് ശേഷം വിദ്യയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. ശേഷം കോടതിയിൽ ഹാജരാക്കും. വിദ്യയെ കസ്റ്റഡിയിൽ വാങ്ങേണ്ട എന്നാണ് പോലീസിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ കോടതി വിദ്യയ്ക്ക് ജാമ്യം അനുവദിക്കും.
രാവിലെയോടെയായിരുന്നു വിദ്യ നീലേശ്വരം പോലീസിന് മുൻപാകെ ഹാജരായത്. കഴിഞ്ഞ ദിവസം ഹാജരാകാൻ ആയിരുന്നു വിദ്യയ്ക്ക് നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വിദ്യ ഹാജാരാകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. വ്യാജ സർട്ടിഫിക്കേറ്റ് സ്വന്തമായി ഉണ്ടാക്കിയെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞത് എന്നാണ് വിവരം. മൊബൈൽ ഫോണിലാണ് വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയത്. മറ്റാരും സഹായിച്ചിട്ടില്ലെന്നും വിദ്യ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Discussion about this post