എത്ര കഠിനഹൃദയര്‍ ആണെങ്കിലും ഒരു കൊച്ചുകുഞ്ഞിനെ കണ്ടാല്‍ ഒന്ന് കൊഞ്ചിച്ചെന്ന് വരും. ചുരുങ്ങിയ പക്ഷം, ഒന്ന് തലോടി, എന്താടാ മുത്തേ, ചക്കരേ എന്നെങ്കിലും ചോദിക്കും. അമ്മമാര്‍ പ്രത്യേകിച്ച്, ഈണത്തില്‍, താളത്തില്‍ വാത്സല്യ വര്‍ത്തമാനം പറഞ്ഞ് കുഞ്ഞുങ്ങളെ കൊഞ്ചിക്കാത്ത അമ്മമാര്‍ ഉണ്ടാകില്ല.അധികം വാക്കുകളോ വാചകങ്ങളോ ഇല്ലാതെ, ഒരു താരാട്ടുപാട്ട് പോലെയാണത്. ‘മദറീസ്’ അഥവാ ‘ഇന്‍ഫാന്റ്-ഡയറക്റ്റഡ് സ്പീച്ച്’ എന്നാണ് ഗവേഷകര്‍ ഈ വര്‍ത്തമാനത്തെ വിളിക്കുന്നത്
ഇത്രയും കാലം ഇത് മനുഷ്യര്‍ക്ക് മാത്രമുള്ള സ്വഭാവമായാണ് കരുതിയിരുന്നത്. എന്നാല്‍ ഇതാദ്യമായി മനുഷ്യരല്ലാതെ മറ്റൊരു ജീവിവര്‍ഗ്ഗവും നമ്മുടെ അമ്മമാരുടെ അതേ രീതിയില്‍ തങ്ങളുടെ കുഞ്ഞുങ്ങളോട് കൊഞ്ചി സംസാരിക്കുന്നുണ്ടെന്ന് ഒരു പഠനം കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യരോട് വേഗത്തില്‍ ഇണങ്ങുന്ന ഡോള്‍ഫിനുകളിലാണ് ആദ്യമായി ഈ സ്വഭാവം കണ്ടെത്തിയിരിക്കുന്നത്. വുഡ്‌സ് ഹോള്‍ ഓഷ്യനോഗ്രാഫിക് ഇന്‍സ്റ്റിറ്റിയൂഷന്‍, മസാച്യുസെറ്റ്‌സിലെ ഹാംഷെയര്‍ കോളെജ് എന്നിവിടങ്ങളിലെ മറൈന്‍ ബയോളജിസ്റ്റായ ലെയ്‌ല സെയിംഗ് ആണ് ഈ പഠനത്തിന് പിന്നില്‍.
യഥാര്‍ത്ഥത്തില്‍ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോള്‍ നമ്മള്‍ വാക്കുകളിലൊന്നും മാറ്റം വരുത്തുന്നില്ല, പക്ഷേ പറയുന്ന രീതിയിലാണ് മാറ്റം വരുത്തുന്നത്, ലെയ്‌ല പറയുന്നു. സീബ്ര ഫിഞ്ച് എന്ന പക്ഷി, റീസസ് മാകാഖ് എന്ന ഇനത്തിലുള്ള കുരങ്ങ്, അണ്ണാന്‍ കുരങ്ങ് എന്നിങ്ങനെ ചുരുക്കം ചില ജീവികള്‍ മാത്രമാണ് കുഞ്ഞുങ്ങളോട് ആശയവിനിമയം നടത്തുമ്പോള്‍ ശബ്ദത്തില്‍ മാറ്റം വരുത്തുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇവയൊന്നും മദറീസ് എന്ന അമ്മമാര്‍ കുഞ്ഞുങ്ങളോട് നടത്തുന്ന കൊഞ്ചല്‍ വര്‍ത്തമാനം പറയുന്നതായി കണ്ടെത്തിയിട്ടില്ല. പക്ഷേ കുപ്പിമൂക്കന്‍ വിഭാഗത്തിലുള്ള ഡോള്‍ഫിനുകള്‍ മദറീസ് ഉപയോഗിക്കുന്നുണ്ടെന്ന് മൂന്ന് ദശാബ്ദത്തിനിടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലെയ്‌ല കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യരിലല്ലാതെ, ഈ സ്വഭാവം കണ്ടെത്തുന്ന ആദ്യ ജീവിവര്‍ഗ്ഗമാണ് ഡോള്‍ഫിനുകള്‍. ‘പ്രൊസീഡിംഗ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാഷാപഠനത്തിലെ ആദ്യപാഠം
ഭാഷാപഠനം എത്ര ക്ലേശകരമാണെന്ന് നമ്മളറിയുന്നത് മുതിര്‍ന്നതിന് ശേഷം ഒരു പുതിയ ഭാഷ പഠിക്കാന്‍ ശ്രമിക്കുമ്പോഴാണ്. എന്നാല്‍ കുട്ടികളാകട്ടെ ജനിച്ച് ആദ്യ 3,4 വര്‍ഷങ്ങള്‍ കൊണ്ടുതന്നെ മാതൃഭാഷയുടെ ബാലപാഠങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ടാകും. അവര്‍ കേള്‍ക്കുന്ന, അവരോട് മുതിര്‍ന്നവര്‍ സംസാരിക്കുന്ന ഭാഷയിലൂടെയാണ് അവര്‍ വാക്കുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും വാചകങ്ങള്‍ എങ്ങനെ നിര്‍മ്മിക്കണമെന്നും പഠിക്കുന്നത്. കുഞ്ഞുങ്ങളോട് അമ്മമാരും മറ്റുള്ളവരും പറയുന്ന കൊഞ്ചല്‍ വര്‍ത്തമാനങ്ങള്‍ ഇതില്‍ വളരെ പ്രധാനമാണ്. യഥാര്‍ത്ഥില്‍ കുഞ്ഞുങ്ങള്‍ ആദ്യം പറയുന്ന വര്‍ത്തമാനങ്ങള്‍ അവര്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ തിരിച്ചു പറയുന്നതാണ്. വാക്കുകള്‍ക്ക് പകരം ശബ്ദങ്ങളെ പഠിക്കുന്ന വോക്കല്‍ ലേണിംഗ് വളരെ അപൂര്‍വ്വമാണെന്നും, ശബ്ദത്തിലൂടെ ആശയവിനിയമയം നടത്തുന്ന ദശലക്ഷക്കണക്കിന് ജീവിവര്‍ഗ്ഗങ്ങളില്‍ വളരെ കുറച്ച് മാത്രമാണ് വോക്കല്‍ കമ്മ്യൂണിക്കേഷന്‍ സിസ്റ്റം പഠിക്കുന്നതെന്നും ഫ്്‌ളോറിഡയില്‍ നിന്നുള്ള ബിഹേവിയറല്‍ എക്കോളജിസ്റ്റായ റിന്‍ഡി ആന്‍ഡേഴ്‌സണ്‍ പറയുന്നു.
ഡോള്‍ഫിനുകളിലെ ഗവേഷണം
1980കളിലാണ് ലെയ്‌ല ഒരുകൂട്ടം കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളില്‍ തന്റെ ഗവേഷണം ആരംഭിക്കുന്നത്. മനുഷ്യരുടെ സ്വഭാവങ്ങളുമായി ഇവയ്ക്ക് ഏറെ സാദൃശ്യമുണ്ടെന്ന് തുടക്കത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി. ഉദാഹരണത്തിന് അമ്മ ഡോള്‍ഫിനും കുഞ്ഞും സങ്കീര്‍ണ്ണമായ, പ്രത്യേകശബ്ദങ്ങളുടെയും ചൂളംവിളികളുടെയും ലോകത്താണ് വസിക്കുന്നത്. കാലം പോകെ, കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയത്തിന് അമ്മ ഡോള്‍ഫിനുകള്‍ മദറീസ് എന്ന കൊഞ്ചല്‍ വര്‍ത്തമാനം ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം ലെയ്‌ലയ്ക്കുണ്ടായി. ഏതാണ്ട് രണ്ടുവര്‍ഷക്കാലം അമ്മ ഡോള്‍ഫിനുകള്‍ കുഞ്ഞുങ്ങളെ ഊട്ടുന്നുണ്ട്, മൂന്നു മുതല്‍ ആറുവര്‍ഷക്കാലം വരെ കുഞ്ഞുങ്ങള്‍ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നതും. ഈ കാലയളവില്‍ അവ ഇര തേടാനും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാനും കടലില്‍ സുരക്ഷിതമായി ഇരിക്കാനുമെല്ലാം പഠിക്കുന്നു. ഈ പരിശീലനങ്ങളിലൊന്നും അച്ഛന്‍ ഡോള്‍ഫിന് വലിയ പങ്കില്ല.
എന്നാല്‍ മനുഷ്യരുടെ ആശയവിനിമയത്തില്‍ നിന്നും ഏറെ വിഭിന്നമാണ് ഡോള്‍ഫിനുകളുടേത്. ഓരോ ഡോള്‍ഫിനും അതിന്റേതായ ഒരു ശബ്ദമുണ്ട്, അവര്‍ക്ക് മാത്രമായ ഒരു ചൂളംവിളി. അവരുടെ തിരിച്ചറിയല്‍ ശബ്ദമെന്ന് അതിനെ വിളിക്കാം. മറ്റൊരു ഡോള്‍ഫിന്റെ ചൂളംവിളി ഇവ അനുകരിക്കില്ല, എന്നാല്‍ അത് ശ്രദ്ധിച്ച് തന്റേതായ രീതിയില്‍ പ്രതികരിക്കും.
34 വര്‍ഷത്തിനിടെ 19 വ്യത്യസ്ത പെണ്‍ ഡോള്‍ഫിനുകളെയാണ് ലെയ്‌ലയും സഹപ്രവര്‍ത്തകരും നിരീക്ഷിച്ചത്.













Discussion about this post