കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. സി ഐ ടി യു വും ബസ് ഉടമ രാജ്മോഹൻ കൈമളും തമ്മിലുള്ള തൊഴിൽത്തർക്കത്തിൽ ജില്ലാ ലേബർ ഓഫീസറുടെ മുന്നിൽ വച്ചു നടന്ന ചർച്ചയിലാണ് സമവായം ഉണ്ടായത്. റൊട്ടേഷൻ വ്യവസ്ഥയിൽ തൊഴിൽ തുടരാമെന്ന വ്യവസ്ഥയിലാണ് സമവായമുണ്ടായത്. നാലു മാസം ഈ രീതിയിൽ തൊഴിൽ തുടരാമെന്നാണ് വ്യവസ്ഥ.
രണ്ട് ദിവസം കൊണ്ട് നാലു മണിക്കൂറിലേറെ സമയമെടുത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വരുമാനം കൂടിയ ബസ്, കുറഞ്ഞ ബസ് എന്ന വകഭേദമില്ലാതെ റൊട്ടേഷൻ അടിസ്ഥാനത്തിൽ എല്ലാ ബസുകളി തൊഴിലാളികളെ വിന്യസിക്കാമെന്ന വ്യവസ്ഥയാണ് ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായത്. സമവായം അംഗീകരിച്ച സി ഐ റ്റി യു എല്ലാ വിധ സമരപരിപാടികളിൽ നിന്നും പൂർണ്ണമായും പിൻവാങ്ങുന്നതായി അറിയിച്ചു. നാലു മാസം കഴിഞ്ഞ് വീണ്ടും ചർച്ച നടത്തി പുരോഗതി വിലയിരുത്തും.
ഇന്ന് രാവിലെ നടന്ന ചർച്ചയിൽ നിന്ന് ബസുടമ രാജ്‌മോഹൻ കൈമൾ ഇറങ്ങിപ്പോയിരുന്നു. ബസ് ഉടമയെ ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാകമ്മറ്റി അംഗവുമായ കെ ആർ അജയ് ചർച്ചയ്ക്കായി മുൻ നിരയിൽ ഇരിക്കുന്നുണ്ടായിരുന്നു. തന്നെ മർദ്ദിച്ച പ്രതിയ്ക്കൊപ്പം ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ബസുടമ രാജ്മോഹൻ നിലപാടെടുത്തു. പിന്നീട് കെ ആർ അജയിനെ ഒഴിവാക്കി നടന്ന ചർച്ചയിലാണ് സമവായമുണ്ടായത്.
ഇന്ത്യൻ ആർമി ഇന്റലിജൻസിൽ ഉദ്യോഗസ്ഥനായിരുന്ന രാജ്മോഹൻ വിരമിച്ചതിനെ തുടർന്ന് വിദേശത്ത് പോയി വിവിധ കമ്പനികളിൽ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. മുംബൈയിലെത്തി സ്വന്തമായി ബിസിനസ് നടത്തിയ ശേഷമാണ് നാട്ടിൽ എത്തി ബിസിനസുകൾ തുടങ്ങിയത്.
പൊതുപ്രവർത്തനത്തിലും സേവന രംഗത്തും സജീവമായിരുന്ന രാജ് മോഹൻ കൈമൾ തന്റെ നാൽപ്പത് സെന്റ് സ്ഥലം വീടില്ലാത്ത അൻപത് കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടുവയ്ക്കാൻ സൗജന്യമായി വിട്ടുനൽകിയിരുന്നു. അംഗനവാടിയും മൈതാനവും നിർമ്മിക്കാനായും സൗജന്യമായി സ്ഥലം നൽകിയ വ്യക്തിയാണ് അദ്ദേഹം. നാട്ടിൽ ബസ് സർവീസും ഫാമും നടത്തി ജീവിക്കുകയായിരുന്ന രാജ്‌മോഹനെതിരേ ബസ് തൊഴിലാളികളിൽ ചിലരാണ് സമരം തുടങ്ങിയത്. വരവേൽപ്പ് എന്ന പഴയകാല മലയാള സിനിമയ്ക്ക് സമാനമായ സംഭവമായി ഈ സമരം കുപ്രസിദ്ധി നേടി. ഇതിനിടെ കോടതി വിധി അനുസരിച്ച് ബസിൽ നിന്ന് കൊടിതോരണങ്ങൾ നീക്കം ചെയ്യാൻ പോയ രാജ്‌മോഹനെ സി ഐ ടി യു നേതാവ് മർദ്ദിക്കുകയും ചെയ്തു.
സി ഐ ടി യു സമരത്തെത്തുടർന്ന് മുടങ്ങിയ ബസുകൾ നാളെ മുതൽ ഓടിത്തുടങ്ങുമെന്ന് രാജ്‌മോഹൻ അറിയിച്ചു.
Discussion about this post