മലപ്പുറം : ചിന്നക്കനാലിലെ ജനങ്ങളുടൈ പേടിസ്വപ്‌നമായിരുന്ന കാട്ടാന അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി യുവാവിന്റെ ഒറ്റയാൾ പോരാട്ടം. കാസർകോട് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ കാൽനടയായി യാത്ര ചെയ്താണ് ചാലക്കുടി സ്വദേശി രേവദ് ബാബു പ്രതിഷേധിക്കുന്നത്. അരിക്കൊമ്പനെ തമിഴ്‌നാട്ടിൽ നിന്ന കേരളത്തിൽ എത്തിച്ച് ചിന്നക്കനാലിൽ കൊണ്ട് വിടണമെന്നാണ് ഇയാളുടെ ആവശ്യം.
ചാലക്കുടിയിലെ ഓട്ടോ ഡ്രൈവറാണ് രേവദ് ബാബു. അരിക്കൊമ്പന്റെ നിരപരാധിത്വം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നാണ് രേവദ് പറയുന്നത്. അരിക്കൊമ്പൻ കൊലയാളിയാണെന്നും 9-10 പേരെ കൊന്നുവെന്നുമാണ് എല്ലാവരും പറയുന്നത്. എന്നാൽ അരിക്കൊമ്പൻ കൊന്നതിന്റെ തെളിവ് ചിന്നക്കനാൽ പഞ്ചായത്തിലോ പൂപ്പാറ പോലീസ് സ്‌റ്റേഷനിലോ ഒന്നും ഇല്ല. ആനയെ എന്തിനാണ് ഇവിടെ നിന്ന് മാറ്റിയത് എന്ന് അറിയണമെന്നും രേവദ് പറഞ്ഞു
അരിക്കൊമ്പൻ നിരപരാധിയായ ആനയാണ്. ഒരു മനുഷ്യ ജീവിയെപ്പോലും ആക്രമിച്ചിട്ടില്ല. അരിക്കൊമ്പനെ തമിഴ്‌നാട്ടിൽ പോയി പിടിച്ചുകൊണ്ട് വന്ന് ചിന്നക്കനാലിൽ വിടണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്.
ബുധനാഴ്ച രാത്രി 12 മണിക്കാണ് പ്രതിഷേധ യാത്ര ആരംഭിച്ചത്. ഒരു ദിവസം പത്ത് കിലോമീറ്റർ നടക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നടക്കുന്ന വഴിയിൽ നാട്ടുകാരുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിക്കും. സെക്രട്ടേറിയറ്റിലെത്തി വനംമന്ത്രി എ.കെ.ശശീന്ദ്രനെ നേരിൽ കാണാനും യുവാവിന് പദ്ധതിയുണ്ട്. ചിന്നക്കനാലിലെ 301 കോളനിയെ സർക്കാർ ഏറ്റെടുത്ത് അവർക്ക് ഫ്‌ലാറ്റ് നിർമിച്ചു നൽകണമെന്നും താൻ തിരുവനന്തപുരത്ത് എത്തുന്നതിന് മുൻപ് വിഷയത്തിൽ പരിഹാരം കാണണമെന്നും രേവദ് ആവശ്യപ്പെട്ടു.
Discussion about this post