മലപ്പുറം: കലിംഗ, കേരള സർവ്വകലാശാലകളെ കൂടാതെ കാലിക്കറ്റ് സർവ്വകലാശാലയുടെ പേരിലും വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതായി രേഖകൾ. 2021 ൽ അഞ്ചിലേറെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചതായി കണ്ടെത്തിയിട്ടും ഒന്നിൽപോലും നടപടിയുണ്ടായിട്ടില്ല. സർവ്വകലാശാലയുടെ അന്തസ്സിനു കോട്ടംതട്ടുന്ന കുറ്റകൃത്യമെന്നും കർശന നടപടി വേണമെന്നും പല തവണ നിർദേശിച്ചിട്ടും അധികൃതർ പോലീസിനെ സമീപിച്ചിട്ടില്ല.
ഒരു രജിസ്റ്റർ നമ്പർ ഉപയോഗിച്ച് 5 ബിരുദസർട്ടിഫിക്കറ്റുകൾ വരെയാണ് നിർമ്മിച്ചിരിക്കുന്നത്.
ജോലിക്കോ തുടർപഠനത്തിനോ ആയി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകൾ അംഗീകൃത ഏജൻസികൾ വഴി സർവ്വകലാശാലയുടെ സൂക്ഷ്മ പരിശോധനയ്ക്ക് എത്താറുണ്ട്. ഈ പരിശോധനയിലാണ് വ്യാജനെ തിരിച്ചറിഞ്ഞത്. കർശന നടപടി വേണമെന്ന ശുപാർശയോടെ ജോയിന്റ് റജിസ്ട്രാർ ഇക്കാര്യം റിപ്പോർട്ട് ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ എറണാകുളത്തെ ഏജൻസി ഉടമക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കായംകുളം സിഐ മുഹമ്മദ് ഷാഫിക്കാണ് അന്വേഷണ ചുമതല. ഒളിവിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരനെ കണ്ടെത്താനായാൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ കണക്ക് കൂട്ടൽ.
Discussion about this post