മുഖ്യമന്ത്രിയ്ക്കും പാർട്ടിക്കുമെതിരായ സത്യങ്ങൾ തുറന്നുപറഞ്ഞതിന് താൻ സമൂഹമാദ്ധ്യമങ്ങളിലൂടെ ആക്രമണം നേരിടുകയാണെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ. സാമൂഹ്യ മാദ്ധ്യമത്തിൽ ആശയങ്ങൾ കൈമാറാനുള്ള സ്വാതന്ത്ര്യം നിർഭയം നിർവ്വഹിക്കാൻ കഴിയാത്ത മാനസികാവസ്ഥയിലാണ് താനെന്നും പേക്കുട്ടിയെ പോലും നികൃഷ്ടഭാഷയിൽ നിരന്തരം തേജോവധം ചെയ്യുകയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
ഇതെല്ലാം പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിക്ക് അപ്രിയമായ ചില സത്യങ്ങൾ വിളിച്ചു പറഞ്ഞതോടെ സ്വയംവിമർശനം നടത്തി തെറ്റ് തിരുത്താതെ കൂടുതൽ അക്രമകാരികളായി മാറുകയാണ് സൈബർ കാളികൂളി സംഘം. ഫേസ്ബുക്കിലെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബർ കാളികൂളി സംഘം നൽകുന്നത്. അവരുടെ കൺകണ്ട ദൈവത്തെ ആരും വിമർശിക്കാൻ പാടില്ല. വിമർശനങ്ങൾക്കും തെറ്റ് തിരുത്തലുകൾക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോ എന്നും അദ്ദേഹം ചോദിച്ചു.
കൈതോലപ്പായയിൽ സൂക്ഷിച്ച വിത്ത് ഇപ്പോൾ വൻമരം ആയിട്ടുണ്ടാകും. ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി ടോർച്ചു തെളിച്ചും തൊണ്ടിമുതൽ സൂം ചെയ്തും യഥാർത്ഥ കള്ളന്റെ ഇരിപ്പടം കാണിച്ചും മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം കുറിച്ചു.
Discussion about this post