രാജസേനന്റെ പെൺവേഷം വീഡിയോ കാണാം
കൊച്ചി; തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ആറ് മാസം നൃത്തം പഠിച്ചതായി സംവിധായകൻ രാജസേനൻ. വ്യത്യസ്തമായ വേഷത്തിലാണ് രാജസേനൻ സിനിമയിൽ എത്തുന്നത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ പ്രധാനവേഷത്തിലെത്തുന്ന ഞാനും പിന്നൊരു ഞാനും എന്ന സിനിമയിലെ വേഷത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് പതിവുപോലെ രാജസേനൻ തന്നെയാണ്. റിലീസ് ദിവസം കൊച്ചിയിലെ വനിത തിയറ്ററിൽ പെൺവേഷം കെട്ടിയെത്തിയ രാജസേനൻ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഞാനും പിന്നൊരു ഞാനും എന്ന സിനിമയിലെ രണ്ടാമത്തെ ഞാൻ ആണ് തന്റെ പെൺവേഷമെന്ന് രാജസേനൻ പറഞ്ഞു.
ഇതുവരെ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകളോ രാജസേനന്റെ വേഷത്തെക്കുറിച്ചുളള സൂചനകളോ പുറത്തുവിട്ടിരുന്നില്ല. ഈ സസ്‌പെൻസ് പൊളിച്ചുകൊണ്ടാണ് റിലീസ് ദിനത്തിൽ സ്ത്രീവേഷത്തിൽ മെയ്ക്കപ്പ് ചെയ്ത് രാജസേനൻ തിയറ്ററിൽ എത്തിയത്. ഏഴ് വർഷത്തെ ഗ്യാപ്പ് തന്നെ സംബന്ധിച്ച് വലിയ ഇടവേളയാണ്. ആ ഗ്യാപ്പ് ഫിൽ ചെയ്യാൻ വേണ്ടിയാണ് ഇത്തരമൊരു വേഷമെന്നും രാജസേനൻ പറഞ്ഞു.
ആറ് മാസത്തിന് മുൻപ് ഷൂട്ടിംഗ് കഴിഞ്ഞ സിനിമയുടെ ഒറ്റ സ്റ്റിൽ പോലും പുറത്തുപോയിട്ടില്ലെന്ന് രാജസേനൻ ചൂണ്ടിക്കാട്ടി. ഇന്ന് മുതലാണ് സിനിമയുടെ പോസ്്റ്ററുകൾ പോലും പതിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൃത്തത്തിൽ കമ്പമുളള ഒരു വേഷപ്പകർച്ച കൂടി രാജസേനന് ഇതിലുണ്ട്. അച്ഛൻ നൃത്ത അദ്ധ്യാപകനായിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.
സംസ്ഥാന അവാർഡ് പ്രതീക്ഷിക്കുന്നോ എന്ന ചോദ്യത്തിന് ആഗ്രഹമുണ്ടെന്ന് ആയിരുന്നു രാജസേനന്റെ മറുപടി. രാജസേനന്റെ ആദ്യ സിനിമകളിലെ നായകനായിരുന്ന നടൻ ശങ്കർ ഉൾപ്പെടെ സിനിമ കാണാൻ എത്തിയിരുന്നു. രാജസേനന്റെ എക്‌സ്ട്രാ ഓർഡിനറി പെർഫോമൻസ് ആണ് സിനിമയിൽ കാണാൻ കഴിയുകയെന്ന് ശങ്കർ പറഞ്ഞു.
Discussion about this post