അമരാവതി: തന്റെ പേരക്കുട്ടിയുടെ പേര് വെളിപ്പെടുത്തി തെന്നിന്ത്യൻ താരം ചിരഞ്ജീവി. ഇന്നായിരുന്നു ചിരഞ്ജീവിയുടെ മകനും തെലുങ്കിലെ സൂപ്പർ താരവുമായ രാം ചരണിന്റേയും ഭാര്യ ഉപാസനയുടേയും കുഞ്ഞിന്റെ പേരിടൽ ചടങ്ങ്.ബന്ധുക്കളും സുഹൃത്തുക്കളും സിനിമ താരങ്ങളും പങ്കെടുക്കുന്ന ചടങ്ങ് ആചാരപ്രകാരം ഉപാസനയുടെ അമ്മയുടെ വീട്ടിൽവച്ചാണ് നടത്തിയത്.
ലളിത സഹസ്ര നാമത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മകൾക്ക് പേരിട്ടതെന്ന് ചിരഞ്ജീവി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.’ക്ലിൻ കാര കൊനിഡെല’ എന്നാണ് കുഞ്ഞിന്റെ പേര്. കേൾക്കുമ്പോൾ അൽപം മോഡേൺ ആയി തോന്നുമെങ്കിലും വലിയ അർത്ഥമാണ് പേരിനുള്ളത്.ഈ പേര് പ്രകൃതിയുടെ മൂർത്തീഭാവത്തെ പ്രതിനിധീകരിക്കുന്നുവെന്നും മാതാവ് ‘ശക്തി’യുടെ പരമമായ ശക്തിയെ ഉൾക്കൊള്ളുന്നുവെന്നും ചിരഞ്ജീവി വിശദീകരിക്കുന്നു.
ആത്മീയമായ ഉണർവ്വ് സൃഷ്ടിക്കുന്ന, പരിവർത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊർജ്ജമാണ് ക്ലിൻ കാര എന്ന നാമത്തിലൂടെ അർഥമാക്കുന്നതെന്ന് ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു. വളരുമ്പോൾ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തൻറെ വ്യക്തിത്വത്തിലേക്ക് ഉൾച്ചേർക്കും, ചിരഞ്ജീവി കുറിച്ചു.രാം ചരണും ഉപാസനയും ഇതേ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.
2012 ജൂൺ 14 നായിരുന്നു രാം ചരണും ഉപാസനയും തമ്മിലുള്ള വിവാഹം. അപ്പോളോ ലൈഫ് വൈസ് പ്രസിഡന്റ് കൂടിയായ ഉപാസന ബിസിനസ് സംരഭക കൂടിയാണ്.ജൂൺ 20 നാണ് രാം ചരണിനും ഉപാസനയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിവാഹിതരായി 11 വർഷത്തിനു ശേഷമാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞ് പിറന്നത്.
പേരിൽ ചടങ്ങിനായി അംബാനി കുടുംബം നൽകിയ സമ്മാനം വാർത്തകളിൽ ഇടം നേടിയിരുന്നു.കോടികൾ വിലമതിയ്ക്കുന്ന സ്വർണം കൊണ്ടുള്ള തൊട്ടിലാണ് അംബാനി കുടുംബത്തിന്റെ സ്‌നേഹ സമ്മാനം.ചിരഞ്ജീവിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് മുകേഷ് അംബാനിക്കുള്ളത്. അത് കൊണ്ട് തന്നെയാണ് വീട്ടിലെ രാജകുമാരിക്ക് വിലയേറിയ സമ്മാനം നൽകിയതെന്നാണ് ആരാധകർ പറയുന്നത്.
Discussion about this post