തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിൽ മതവസ്ത്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്തായ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥി സംഘടന. സംഭവത്തിൽ പോലീസിൽ പരാതി നൽകി. കത്ത് പുറത്തായതിന് പിന്നിൽ ആരെന്ന് കണ്ടെത്തണം എന്നാണ് വിദ്യാർത്ഥി സംഘടനയുടെ ആവശ്യം.
ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പുറത്തുവന്നതോടെ വലിയ ചർച്ചയായിരുന്നു. കത്ത് നൽകിയ വിദ്യാർത്ഥികൾക്ക് വലിയ വിമർശനവും നേരിടേണ്ടിവന്നിരുന്നു. ഇതേ തുടർന്നായിരുന്നു കത്ത് പുറത്ത് പോയത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ പോലീസിനെ സമീപിച്ചത്.
കത്ത് അലക്ഷ്യമായി കൈകാര്യം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥി സംഘടന പരാതി നൽകിയിരിക്കുന്നത്. കത്ത് പുറത്ത് പോകാനും മാദ്ധ്യമങ്ങളിൽ പ്രചരിക്കാനും ഇടയായ സാഹചര്യം അന്വേഷിക്കണം. ഇതിന് പിന്നിൽ ആരെന്ന് കണ്ടെത്തണം എന്നും വിദ്യാർത്ഥി യൂണിയൻ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഏഴ് വിദ്യാർത്ഥികളാണ് ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയത്. കഴിഞ്ഞ ദിവസം ഈ കത്ത് പുറത്തുവരികയായിരുന്നു.
Discussion about this post