പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളെയും പതുക്കെ വലിക്കുകയും ഞെക്കുകയുമൊക്കെ ചെയ്യുന്ന, തമോഗര്‍ത്തങ്ങളുടെ ചലനം കൊണ്ടുണ്ടാകുന്ന അലകളെ ശാസ്ത്രജ്ഞര്‍ ആദ്യമായി നിരീക്ഷിച്ചു. ലോ ഫ്രീക്വന്‍സി ഗ്രാവിറ്റേഷണല്‍ വേവ്‌സ് അഥവാ ആവൃത്തി കുറഞ്ഞ ഗുരുത്വ തരംഗങ്ങള്‍ എന്ന് വിളിക്കുന്നവയെ തങ്ങള്‍ക്ക് കേള്‍ക്കാനായെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു സാധാരണ ക്ലോക്കിന്റെ സൂചികള്‍ ചലിക്കുന്ന ശബ്ദം വളരെ അകലെ നിന്നും കേള്‍ക്കുന്നത് പോലെയായിരുന്നു ആ ശബ്ദമെന്നാണ് ഇതിന് ചെവിയോര്‍ത്ത ഗവേഷകര്‍ പറയുന്നത്. ബഹിരാകാശത്തെ ഭീമമായ വസ്തുക്കളുടെ ചലനം മൂലവും അവ തമ്മിലുള്ള കൂട്ടിയിടി മൂലവും പ്രപഞ്ചമൊന്നാകെ കമ്പനങ്ങളുണ്ടാക്കുന്നവയാണ് ഈ ഗുരുത്വ തരംഗങ്ങള്‍. ഇവ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും നേരിയ ചലനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രം അനുമാനിക്കുന്നത്.
പ്രപഞ്ചത്തിലെ എല്ലാം ഇത്തരമൊരു വലിയ ചലനത്തിന്റെ ഭാഗമാണെന്നതിനുള്ള ആദ്യ തെളിവാണ് ഇതെന്ന് പ്രപഞ്ചത്തിന്റെ ഈ ശബ്ദത്തിന് കാതോര്‍ത്ത നാനോഗ്രാവ് എന്ന ഗവേഷക കൂട്ടായ്മയുടെ സഹ ഡയറക്ടറായ മൗര മക്‌ലൗഗ്ലിന്‍ പറഞ്ഞു. ദ അസ്‌ട്രോഫിസിക്കല്‍ ജേണല്‍ ഓഫ് ലെറ്റേഴ്‌സില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ഥല-കാലത്തിലൂടെ ഭാരമേറിയ വസ്തുക്കള്‍ ചലിക്കുമ്പോള്‍ അതുമൂലം അലകള്‍ സൃഷ്ടിക്കപ്പെടുമെന്നും അത് പ്രപഞ്ചത്തിലുടനീളം പരക്കുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നേരത്തേ പ്രവചിച്ചിട്ടുണ്ട്. ഈ അലകള്‍ പ്രപഞ്ചത്തിന്റെ പശ്ചാത്തലസംഗീതം പോലെയാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. 2015ല്‍ ശാസ്ത്രജ്ഞര്‍ ലിഗോ എന്ന പരീക്ഷണത്തിലൂടെ ആദ്യമായി ഗുരുത്വ തംരംഗങ്ങള്‍ സത്യമാണെന്നും ഐന്‍സ്റ്റിന്റെ പ്രവചനം ശരിയാണെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതുവരെ, ഉയര്‍ന്ന ആവൃത്തിയിലുള്ള തംരംഗങ്ങളെ മാത്രമേ അത്തരം പരീക്ഷണങ്ങളിലൂടെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് നാനോഗ്രാവ് അംഗവും യെയില്‍ സര്‍വ്വകലാശാലയിലെ അസ്‌ട്രോഫിസിസ്റ്റുമായ ചിയറ മിന്‍ഗെയ്‌റല്ലി വ്യക്തമാക്കി. താരതമ്യേന ചെറിയ തമോഗര്‍ത്തങ്ങള്‍ മൃതമായ നക്ഷത്രങ്ങളുമായി കൂട്ടിയിടിക്കുന്നത് പോലുള്ള പ്രത്യേക നിമിഷങ്ങളിലാണ് പെട്ടന്നുള്ള ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ പുതിയ പഠനത്തില്‍ ആവൃത്തി കുറഞ്ഞ തംരംഗങ്ങള്‍ കണ്ടെത്താനാണ് ശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. വളരെ പതുക്കെയുണ്ടാകുന്ന ഈ അലകള്‍ വര്‍ഷങ്ങളോ ദശാബ്ദങ്ങളോ എടുത്താണ് ഒരു കമ്പനം പോലും പൂര്‍ത്തിയാക്കുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വസ്തുക്കളായ, സൂര്യനേക്കാള്‍ ശതകോടി മടങ്ങ് വലുപ്പമുള്ള തമോഗര്‍ത്തങ്ങളില്‍ നിന്നാകാം ഈ അലകള്‍ സൃഷ്ടിക്കപ്പെടുന്നത്.













Discussion about this post