ഐഎഎസ് സർവീസിൽ നിന്ന് വിരമിക്കുന്ന ഡോ. വിപി ജോയ്ക്ക് സ്‌നേഹാദരങ്ങൾ അറിയിച്ച് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ. സംസ്ഥാനത്തിനും രാജ്യത്തിനും തന്റെ വ്യത്യസ്തമായ ചിന്തകളിലൂടെയും, ചടുലമായ സേവനപാടവത്തിലൂടെയും അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹമെന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. വിപി ജോയിയെക്കുറിച്ചുള്ള കുട്ടിക്കാല ഓർമ്മയും കളക്ടർ പങ്കുവെച്ചിട്ടുണ്ട്.
വീട്ടിൽ നിന്നും അമ്പലത്തിൽ പോകുവാനായി ഒരുങ്ങിയിറങ്ങിയ ഒരു പത്താം ക്ലാസ്സുകാരി പെൺകുട്ടിയോട് അവൾ എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടിയെന്ന് വിളിച്ചറിയിച്ചത് അന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഡോ.വി.പി.ജോയ്.ഐ.എ.എസ് ആണെന്ന് ദിവ്യ എസ് അയ്യർ പറഞ്ഞു.
റാങ്ക് ജേതാക്കൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. സമ്മാനമായി സംഘാടകർ വിജയികൾക്കു നൽകിയത് ചമയങ്ങളുള്ള ഘടികാരങ്ങൾ/ടേബിൾ ക്ലോക്ക് ആയിരുന്നു. അന്നത്തെ മുഖ്യാതിഥി ആയിരുന്ന ഡോ.വി.പി.ജോയ് തന്റെ പ്രസംഗത്തിൽ പറഞ്ഞു- ”നിങ്ങൾക്കു ക്ലോക്കുകൾ നൽകിയെങ്കിലും, നിങ്ങൾ ഉത്തമ വിദ്യാർത്ഥികൾ ആകണമെങ്കിൽ ക്ലോക്ക് നോക്കി ഒരിക്കലും പഠിക്കരുത്. പഠനത്തിൽ, വിഷയത്തിൽ, പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; അല്ലാതെ ക്ലോക്കിലോ സമയക്രമത്തിനുള്ളിൽ പാഠം വായിച്ചു തീർക്കണം എന്ന വ്യഗ്രതയിലോ അല്ല.”
തന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സന്ദേശമായിരുന്നു അതെന്നും സിവിൽ സർവീസ് യു പി എസ് സി പരീക്ഷ ഉൾപ്പടെയുള്ള എല്ലാ ഘട്ടങ്ങളിലും പഠനപ്രക്രിയയെ ആസ്വദിക്കുവാൻ ഏറെ സഹായിച്ചത് ആ ഉപേദശം ആയിരുന്നു എന്നും കളക്ടർ ഓർത്തെടുത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ചിറകുകളേകിയ ചീഫ് സെക്രട്ടറി
*********************************
ഒരു മെയ് മാസ പുലരിയിൽ വീട്ടിൽ നിന്നും അമ്പലത്തിൽ പോകുവാനായി ഒരുങ്ങിയിറങ്ങിയ ഒരു പത്താം ക്ലാസ്സുകാരി പെൺകുട്ടി മനസ്സിൽ തെളിയുന്നു. എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലപ്രഖ്യാപനവും കാത്തിരുന്ന ദിവസങ്ങളിലൊന്നായിരുന്നു അത്. അന്നു അച്ഛന്റെ സ്‌കൂട്ടറിലേക്കു കയറാനിരിക്കവേ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കാൾ വന്നു. അച്ഛൻ അതു എടുത്തിട്ട് മകളോട് പെട്ടെന്ന് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി വിളിച്ചു. ഉടൻ വിവശനായി ഫോൺ കൈമാറി.
Divya.. congratulations, you have secured the third rank in the state..in SSLC exams this year. എന്നൊരു മായിക വർത്ത, ഘനമുള്ള ശബ്ദം, സ്‌നേഹത്തിൽ പൊതിഞ്ഞ വർത്തമാനം. അന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന ഡോ.വി.പി.ജോയ്.ഐ.എ.എസ് ആണ് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ആ ഫോൺ കാൾ സമ്മാനിച്ചത്.
ഒരു വിദ്യാർത്ഥി എന്ന നിലയിൽ അദ്ദേഹത്തെ ചില സന്ദർഭങ്ങളിൽ വേദികളിൽ കാണുവാനും, സമ്മാനം കൈപ്പറ്റുവാനും, പ്രസംഗങ്ങൾ ശ്രവിക്കുവാനും, ഉപദേശം തേടുവാനും അവസരങ്ങൾ ലഭിച്ചു. റാങ്ക് ജേതാക്കൾക്കുള്ള ഒരു അവാർഡ്ദാന ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ഒരു സന്ദേശം ഇപ്പോഴും മനസ്സിൽ സ്ഫുരിക്കുന്നു. അന്നു സമ്മാനമായി സംഘാടകർ ഞങ്ങൾ വിജയികൾക്കു നൽകിയത് ചമയങ്ങളുള്ള ഘടികാരങ്ങൾ/ടേബിൾ ക്ലോക്ക് ആയിരുന്നു. ഞങ്ങൾക്കത് കൈമാറിയെങ്കിലും മുഖ്യാതിഥി ആയിരുന്ന ഡോ.വി.പി.ജോയ് തന്റെ പ്രസംഗത്തിൽ പറഞ്ഞു- നിങ്ങൾക്കു ക്ലോക്കുകൾ നൽകിയെങ്കിലും, നിങ്ങൾ ഉത്തമ വിദ്യാർത്ഥികൾ ആകണമെങ്കിൽ ക്ലോക്ക് നോക്കി ഒരിക്കലും പഠിക്കരുത്. പഠനത്തിൽ, വിഷയത്തിൽ, പുസ്തകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; അല്ലാതെ ക്ലോക്കിലോ സമയക്രമത്തിനുള്ളിൽ പാഠം വായിച്ചു തീർക്കണം എന്ന വ്യഗ്രതയിലോ അല്ല. എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സന്ദേശമായിരുന്നു അതു. സിവിൽ സർവീസ് യു പി എസ് സി പരീക്ഷ ഉൾപ്പടെയുള്ള എല്ലാ ഘട്ടങ്ങളിലും ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്നും പഠനപ്രക്രിയയെ ആസ്വദിക്കുവാൻ ഏറെ സഹായിച്ചതും ആ ഉപേദശം ആയിരുന്നു എന്നത് നന്ദിപൂർവ്വം ഓർക്കുന്നു. പിന്നീട് ഔദ്യോഗികമായും, സാഹിത്യം, സമൂഹം, തത്വശാസ്ത്രം തുടങ്ങി അനവധി മേഖലകളിൽ അദ്ദേഹവും കുടുംബവുമായുള്ള ഓരോ വിനിമയവും നിർവ്യാജവും പ്രചോദനോദ്ദീപവുമായിരുന്നു എന്നത് സ്‌നേഹപൂർവ്വം സ്മരിക്കുന്നു.
കുട്ടിക്കാലത്തു എന്നിലെ ഐ.എ.എസ് അഭിലാഷങ്ങളെ തീക്ഷ്ണമാക്കിയ വ്യക്തിത്വത്തിനുടമയായ ഡോ.വി.പി.ജോയ് കേരളത്തിന്റെ ചീഫ് സെക്രട്ടറി ആയിരിക്കവേ അദ്ദേഹത്തിന്റെ കീഴിൽ ജില്ലാ കളക്ടർ ആയി സേവനമനുഷ്ഠിക്കാൻ സാധിച്ചത് ഒരു അർത്ഥപൂർണ്ണമായ നിയോഗമായി കരുതുന്നു.
സംസ്ഥാനത്തിനും രാജ്യത്തിനും തന്റെ വ്യത്യസ്തമായ ചിന്തകളിലൂടെയും, ചടുലമായ സേവനപാടവത്തിലൂടെയും അമൂല്യമായ സംഭാവനകൾ നൽകി ഇന്ന് ഡോ.വി.പി.ജോയ് തന്റെ ഐ.എ.എസ് സർവീസിൽ നിന്നും വിരമിക്കുമ്പോൾ യുവതലമുറയുടെ സ്‌നേഹാദരങ്ങൾ സവിനയം അർപ്പിക്കുന്നു.
കവിതയും നർമ്മവും സാഹിത്യവും നിറഞ്ഞ ഭരണമികവിന്റെ ഒരു കാലഘട്ടത്തിനു വിരാമമിടുമ്പോൾ പ്രിയപ്പെട്ട ഡോ. വി.വേണു ഐ.എ.എസ് ന്റെ നേതൃത്വത്തിൽ സർഗ്ഗാത്മികതയുടെ വൈഭവം തുളുമ്പുന്ന അടുത്ത ഒരു ഉജ്ജ്വല അധ്യായത്തിനു തുടക്കം കുറിക്കുകയാണ് നമ്മുടെ സംസ്ഥാനത്തിന്റെ ഭരണചക്രം.
Discussion about this post