ടോയ്‌ലെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ മലിനമായ ഒരിടമെന്ന പൊതുബോധം നമുക്കിടയിലുണ്ട്. വിസര്‍ജ്ജനത്തിന് ഉപയോഗിക്കുന്ന ഇടമായതിനാലാകാം ഇത്. അതുകൊണ്ടുതന്നെ ശുചിത്വത്തിന്റെ ലോകത്ത് വസ്തുക്കള്‍ എത്രത്തോളം മലിനമാണെന്ന് അളക്കുന്നതിനുള്ള അളവുകോല്‍ പലപ്പോഴും ടോയ്‌ലെറ്റ് സീറ്റാണ്. പക്ഷേ നമ്മള്‍ നിത്യേന, അറിയാതെയെങ്കിലും സ്പര്‍ശിക്കുന്ന, സൂര്യപ്രകാശമേറ്റ് ഉണങ്ങുന്ന പല വസ്തുക്കളും ടോയ്‌ലെറ്റ് സീറ്റിനേക്കാള്‍ മലിനമാണെന്ന് നിങ്ങള്‍ക്കറിയുമോ. ഇവ എന്തൊക്കെയാണെന്ന് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ഞെട്ടും; നമ്മുടെ സ്മാര്‍ട്ട്‌ഫോണുകള്‍, അടുക്കള ഉപകരണങ്ങള്‍, അനുസരണയോടെ, ജോലികള്‍ ചെയ്യാന്‍ നമ്മളെ സഹായിക്കുന്ന ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ് എന്നിങ്ങനെ നിത്യജീവിതത്തില്‍ നമുക്ക് ഒഴിവാക്കാന്‍ പറ്റാത്ത പലതും ടോയ്‌ലെറ്റ് സീറ്റിനേക്കാള്‍ മലിനമാണ്. ഏയ് ഇതൊക്കെ വെറുതേ പറയുന്നതാണെന്ന് പറയാന്‍ വരട്ടെ, കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്ന ശാസ്ത്രീയ പഠനങ്ങളാണ് ഇത് പറയുന്നത്.
ടോയ്‌ലെറ്റ് സീറ്റിനേക്കാള്‍ മലിനമായ വസ്തുക്കളിലേക്ക് ഏറ്റവും പുതിയതായി എത്തിച്ചേര്‍ന്നിരിക്കുന്നത് തലയിണക്കവറാണ്. അമേരിക്കയിലെ ഒരു കിടക്ക നിര്‍മ്മാണ കമ്പനിയുടെ പുതിയ പഠനം അനുസരിച്ച് ഒരാഴ്ചയ്ക്ക് മുകളില്‍ കഴുകാതെ വെച്ച തലയിണക്കവറില്‍ ടോയ്‌ലെറ്റ് സീറ്റില്‍ ഉള്ളതിനേക്കാള്‍ പതിനേഴായിരം മടങ്ങ് കൂടുതല്‍ ബാക്ടീരിയ ഉണ്ട്. ഞെട്ടാന്‍ വരട്ടെ, മറ്റ് പഠനങ്ങൾ നമ്മളെല്ലാം നിത്യേന ഉപയോഗിക്കുന്ന, ടോയ്‌ലെറ്റ് സീറ്റിനേക്കാള്‍ മലിനമായ വസ്തുക്കള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ ഫോണ്‍
പട്ടികയില്‍ ഒന്നാംസ്ഥാനം എപ്പോഴും നമ്മുടെ കയ്യിലിരിക്കുന്ന, നമ്മുടെ പ്രിയ ഉപകരണമായ ഫോണിന് തന്നെയാണ്. നിങ്ങളുടെ ഫോണില്‍ ടോയ്‌ലെറ്റ് സീറ്റില്‍ ഉള്ളതിനേക്കാള്‍ പത്തിരട്ടിയിലധികം ബാക്ടീരിയകള്‍ ഉണ്ടെന്നാണ് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അന്തരീക്ഷത്തില്‍ നിന്നും പലതരത്തിലുള്ള കീടാണുക്കള്‍ നിരന്തരം നിങ്ങളുടെ കൈകളില്‍ വന്നുചേരുന്നുണ്ട്. ഇവ നമ്മള്‍ എപ്പോഴും ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണില്‍ വന്ന് അടിഞ്ഞുകൂടും. പരിഹാരമൊന്നേയുള്ളു, കൃത്യമായി ഫോണ്‍ ശുചിയാക്കുക.
കീബോര്‍ഡ്
മിക്കവരും നിത്യേന ഉപയോഗിക്കുന്ന കീബോര്‍ഡും കീടാണുക്കളുടെ കൂടാരമാണ്. ഒരു ശരാശരി കീബോര്‍ഡിന്റെ ഒരു ചതുരശ്ര ഇഞ്ചില്‍ 3,000 ബാക്ടീരിയ എങ്കിലും ഉണ്ടെന്നാണ് അരിസോണ സര്‍വ്വകലാശാലയുടെ പഠനം വ്യക്തമാക്കുന്നത്. വാക്വം ക്ലീനറോ തുണിയോ ഉപയോഗിച്ച് കീബോര്‍ഡ് നിത്യവും വൃത്തിയാക്കുകയാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്നത്.
മൗസ്
എന്നെങ്കിലും നിങ്ങള്‍ മൗസ് വൃത്തിയാക്കി വെക്കാറുണ്ടോ. മൗസില്‍ എന്ത് മാലിന്യമെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍, മൗസിന്റെ ശരാശരി ഒരു ചതുരശ്ര ഇഞ്ച് സ്ഥലത്ത് 1,500 ബാക്ടീരിയകളോളം ഉണ്ടെന്നാണ് കാലിഫോര്‍ണിയ, ബെര്‍ക്കിലി സര്‍വ്വകലാശാലകളുടെ പഠനം പറയുന്നത്.
റിമോട്ട് കണ്‍ട്രോള്‍
വീട്ടിലെ മലിനമായ വസ്തുക്കളില്‍ എന്നും ഇടംപിടിക്കുന്ന മറ്റൊരു വസ്തുവാണ് റിമോട്ട് കണ്‍ട്രോള്‍. ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയുടെ പഠനം അനുസരിച്ച് റിമോട്ട് കണ്‍ട്രോളിന്റെ ഒരു ചതുരശ്ര ഇഞ്ച് വലുപ്പത്തില്‍ 200 ബാക്ടീരിയകളോളം ഉണ്ട്.
ബാത്ത്‌റൂം/ വാഷ്‌റൂം വാതില്‍പ്പിടികള്‍
വീട്ടിലുള്ള എല്ലാവരും അടിക്കടി സ്പര്‍ശിക്കുന്ന ഒന്നാണ് ബാത്ത്‌റൂമിന്റെയും ടോയ്‌ലെറ്റിന്റെയും വാതില്‍പ്പിടികള്‍. അതുകൊണ്ടുതന്നെ അവ മലിനമാണെന്നത് അത്ര അതിശയപ്പെടുത്തുന്ന ഒന്നല്ല. ടോയ്‌ലെറ്റ് സീറ്റ് അടിക്കടി നമ്മള്‍ വൃത്തിയാക്കാറുണ്ടെങ്കിലും, വാതില്‍പ്പിടികള്‍ ശുചിയാക്കി വെക്കാന്‍ മിക്കവരും ഓര്‍ക്കാറില്ല.
വാട്ടര്‍ ടാപ്പുകള്‍
ശുചിയാക്കാന്‍ ഉപയോഗിക്കുന്നതാണെങ്കിലും കീടാണുക്കള്‍ ഉള്ള കൈകളോടെയാണ് നമ്മള്‍ വാട്ടര്‍ ടാപ്പുകള്‍ സ്പര്‍ശിക്കുന്നത്. അവ അവിടെ നിലനില്‍ക്കുകയും ചെയ്യും. കൈ സോപ്പ് ഇട്ട് കഴുകുമ്പോള്‍ അല്‍പ്പം സോപ്പ് ഉപയോഗിച്ച് ടാപ്പും കഴുകാന്‍ ശ്രദ്ധിച്ചാല്‍ ഇത് ഒരു പരിധി വരെ ഒഴിവാക്കാം.
ഫ്രിഡ്ജിന്റെ ഡോര്‍
കൈ കഴുകാതെയും അടുക്കളയിലെ മാലിന്യങ്ങളോടെയും നമ്മള്‍ അടിക്കടി ഉപയോഗിക്കുന്ന മറ്റൊരു വസ്തുവാണ് ഫ്രിഡ്ജിന്റെ ഡോര്‍. കാലിഫോര്‍ണിയ സര്‍വ്വകലാശാലയുടെ പഠനത്തില്‍ ഫ്രിഡ്ജ് ഡോറിന്റെ ഒരു ചതുരശ്ര ഇഞ്ച് ഇടത്ത് 500 ബാക്ടീരികള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post