അഹമ്മദാബാദ്; ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന്റെ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി തളളി. ഉടൻ കീഴടങ്ങാനും കോടതി ടീസ്റ്റയോട് നിർദ്ദേശിച്ചു.
കഴിഞ്ഞ ജൂണിൽ ടീസ്റ്റയെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സെപ്തംബറിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെ ഇവർ പുറത്തിറങ്ങി. വ്യാജ രേഖ ചമച്ചതും ഗൂഢാലോചനയും ഉൾപ്പെടെ ഗൗരവമായ കുറ്റങ്ങളാണ് ടീസ്റ്റയിൽ ആരോപിക്കപ്പെടുന്നത്.
ജാമ്യാപേക്ഷ തളളിയതിന് പിന്നാലെ വിധിക്ക് 30 ദിവസത്തെ സ്റ്റേ അനുവദിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ ആവശ്യവും കോടതി തളളി. ജസ്റ്റീസ് നിർസാർ ദേശായ് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ഗുജറാത്ത് കേസിൽ മുൻ മുഖ്യമന്ത്രി കൂടിയായ നരേന്ദ്രമോദിക്കും മറ്റുളളവർക്കും ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണസംഘത്തിനെതിരെ സാക്കിയ ജാഫ്രി നൽകിയ ഹർജി സുപ്രീംകോടതി തളളിയതിന് പിന്നാലെയായിരുന്നു ടീസ്റ്റ സെതൽവാദിനെ അറ്‌സറ്റ് ചെയ്തത്. കേസ് സജീവമാക്കി നിലനിർത്താനും അതുവഴി സാമുദായിക സ്പർദ്ധ വളർത്താനും ടീസ്റ്റ ശ്രമിച്ചുവെന്ന് അടക്കമുളള കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടത്.
കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കുടുക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ തെളിവുകളും രേഖകളും ഉൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയെന്നാണ് കേസ്.
Discussion about this post