കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറി നൽകിയതായി പരാതി. വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് മോർച്ചറിയിൽ നിന്നും മാറി നൽകിയത്. ആള് മാറിയെന്ന് വ്യക്തമായതോടെ ബന്ധുക്കൾ തിരികെ ആശുപത്രിയിൽ എത്തി വാമദേവന്റെ മൃതദേഹം തിരികെ വാങ്ങി.
രാജേന്ദ്രൻ നീലകണ്ഠൻ എന്നയാളുടെ മൃതദേഹമാണ് വാമദേവന്റേതിന് പകരം മോർച്ചറി ജീവനക്കാർ ബന്ധുക്കൾക്ക് നൽകിയത്. ഇതുമായി ബന്ധുക്കൾ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിൽ എത്തി ഇന്ത്യ കർമ്മങ്ങൾക്കായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിഞ്ഞത്. ഉടനെ ഇതുമായി തിരികെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
തിരിച്ചറിയുന്നതിൽ ബന്ധുക്കൾക്ക് പറ്റിയ പിഴവാണ് മൃതദേഹം മാറി നൽകാൻ കാരണം ആയത് എന്നാണ് വിവരം. മൃതദേഹം ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്തിയതിന് ശേഷമാണ് വിട്ട് നൽകിയത് എന്നാണ് ആശുപത്രി ജീവനക്കാർ ഉറപ്പിച്ച് പറയുന്നത്. വെന്റിലേറ്ററിൽ ഒരുപാട് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് വാമദേവൻ മരിച്ചത്. ഇതേ തുടർന്നാണ് ബന്ധുക്കൾക്ക് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാതെ ഇരുന്നത് എന്നാണ് സൂചന.
അതേസമയം സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം വിട്ട് നൽകിയതിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നും പിഴവ് ഉണ്ടായിട്ടുണ്ടോയെന്നകാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. ജീവനക്കാർക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Discussion about this post