ന്യൂഡൽഹി; ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച കേസിൽ ടീസ്റ്റ സെതൽവാദിനെ ഒരാഴ്ച അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ടീസ്റ്റയുടെ ജാമ്യാപേക്ഷ തളളിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ കീഴടങ്ങണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി ഉത്തരവ്.
ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്താണ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് ഒരാഴ്ചത്തേക്ക് അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകിയത്. ടീസ്റ്റയോട് അടിയന്തിരമായി കീഴടങ്ങാൻ ആവശ്യപ്പെട്ട സാഹചര്യം ആരാഞ്ഞ ശേഷമാണ് കോടതി ഒരാഴ്ചത്തെ സംരക്ഷണം നൽകിയത്.
നേരത്തെ ജസ്റ്റീസുമാരായ എഎസ് ഓക്കയും പി.കെ മിശ്രയും ടീസ്റ്റയുടെ ജാമ്യാപേക്ഷ മൂന്നംഗ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ജസ്റ്റീസ് ബിആർ ഗവായ്, എഎസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് സ്‌പെഷൽ ഹിയറിംഗിൽ വാദം കേട്ടത്.
അടുത്ത ആഴ്ച കേസ് വീണ്ടും റെഗുലർ ബെഞ്ച് പരിഗണിക്കും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ കുടുക്കാൻ വേണ്ടി വ്യാജ രേഖ ചമച്ചുവെന്ന് ഉൾപ്പെടെയുളള കുറ്റങ്ങളിലാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഇവർക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ഗുജറാത്തിനെ അപകീർത്തിപ്പെടുത്താനുളള ടൂൾ ആയി ഒരു രാഷ്ട്രീയ നേതാവ് ടീസ്റ്റയെ ഉപയോഗിച്ചുവെന്ന് അടക്കമുളള വാദങ്ങൾ ജാമ്യാപേക്ഷ പരിഗണിക്കവേ സർക്കാർ ഉന്നയിച്ചിരുന്നു. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിൽ നിന്ന് ഇവർ 30 ലക്ഷം രൂപ കൈപ്പറ്റിയതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post