മലപ്പുറം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനത്തെ എതിർത്ത് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഏകീകൃത സിവിൽ കോഡിനോട് മുസ്ലീം വിഭാഗത്തിന് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഇതിനെതിരെ ബഹുജന മുന്നേറ്റം ഉണ്ടാക്കേണ്ടിവരുമെന്നും തങ്ങൾ വ്യക്തമാക്കി.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ അത് എല്ലാ മതങ്ങളെയും ഒരു പോലെ ബാധിക്കും. അതുകൊണ്ട് തന്നെ വിഷയത്തിൽ മറ്റ് മതങ്ങളുമായി ചർച്ച നടത്താനാണ് സമസ്തയുടെ തീരുമാനം. ഇതിന് പുറമേ ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും വിഷയത്തിൽ സംഘടിപ്പിക്കും.
വിവാഹം, വിവാഹ മോചനം, അനന്തരവകാശം എന്നിവ മത നിയമത്തിൽ വരുന്നതാണ്. ഏകീകൃത സിവിൽ കോഡ് ഇവയെ എല്ലാം ബാധിക്കും. വിവാഹത്തിന്റെ കാര്യമെടുത്താൽ ഓരോ മതത്തിനും ഓരോ നിയമങ്ങളാണ് ഉള്ളത്. അത് പാലിക്കപ്പെടേണ്ടതുണ്ട്. അല്ലാത്ത പക്ഷം അതിനെ വിവാഹമായി അംഗീകരിക്കാൻ കഴിയില്ലെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
ഇക്കാരണം കൊണ്ട് തന്നെ മറ്റ് മതങ്ങൾക്ക് ഏകീകൃത സിവിൽ കോഡിനോട് യോജിക്കാൻ കഴിയില്ല. വനവാസികൾക്ക് അവരുടേതായ നിയമങ്ങൾ ഉണ്ട്. അതിലുണ്ടാകുന്ന ഭേദഗതി അവർക്ക് അംഗീകരിക്കുന്ന ബുദ്ധിമുട്ടാണ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
Discussion about this post