തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഇരിങ്ങാലക്കുടിയിലെ മുൻ എക്‌സൈസ് ഇൻസ്‌പെക്ടർ ആയിരുന്ന കെ സതീശനെയാണ് സസ്‌പെന്റ് ചെയ്തത്. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്നതാണ് കുറ്റം. ബ്യൂട്ടി പാർലർ ഉടമയ്‌ക്കെതിരെ വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നു എന്ന്് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണറാണ് സസ്‌പെന്റ് ചെയ്തത്.
വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി 72 ദിവസമാണ് ബ്യൂട്ടി പാർലർ ഉടമയെ ജയിലിലടച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. തൃശൂർ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്. അന്വേഷണത്തിന് ശേഷം ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ സ്വീകരിക്കും.
ചാലക്കുടിയിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഷീല സണ്ണിയെ കൈയ്യിൽ എൽഎസ്ഡി സ്റ്റാമ്പ് വെച്ചുവെന്ന കേസിലാണ് സതീശൻ അറസ്റ്റ് ചെയ്തത്. ഷീലയുടെ ഹാന്റ് ബാഗിൽ സ്റ്റാമ്പ് ഉണ്ടെന്ന് ഇന്റർനെറ്റ് കോൾ വഴി സതീശന് വിവരം ലഭിച്ചു. ഇതോടെ റെയ്ഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്നും വെറും കടലാസ് കഷ്ണങ്ങളാണെന്നും തെളിഞ്ഞു.
Discussion about this post