തിരുവനന്തപുരം: കാട്ടാക്കടയിൽ ഭർതൃവീട്ടിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മകളെ അപായപ്പെടുത്തിയതാണെന്ന് മരിച്ച സോനയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സോന മരിക്കുമ്പോൾ കിടപ്പ് മുറിയിൽ വിപിനും ഒപ്പമുണ്ടായിരുന്നു. എന്നാൽ സംഭവ സമയം താൻ ഉറങ്ങുക ആയിരുന്നുവെന്നാണ് വിപിൻ പറയുന്നത്. കുടുംബാംഗങ്ങളിൽ ദുരൂഹതയുണ്ടെന്ന സംശയം ഉണർത്തിയിരിക്കുന്നത്.
ശനിയാഴ്ച ഇരുവരും ഉച്ചയ്ക്ക് വീട്ടിൽ വന്നിരുന്നതായി സോനയുടെ പിതാവ് പറഞ്ഞു. വളരെ സന്തോഷത്തിലായിരുന്നു എല്ലാവരും. ഞായറാഴ്ച പള്ളിയിൽ പോയി വന്നതിന് ശേഷമായിരുന്നു ഇരുവരും വിപിന്റെ വീട്ടിലേക്ക് പോയത്. അന്നേ ദിവസം രാത്രി ഒൻപത് മണിയോടെ മകൾ വിളിച്ചിരുന്നു. തലവേദനയാണെന്ന് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് മകൾ മരിക്കുന്നത്. രാത്രി ഒന്നരയോടെയാണ് വിവരം അറിയുന്നത് എന്നും പിതാവ് വ്യക്തമാക്കി.
ഒൻപത് മണിയായപ്പോൾ ഉറങ്ങി എന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സോന തൂങ്ങി നിൽക്കുന്നത് കണ്ടുവെന്നുമാണ് വിപിൻ പറഞ്ഞത്. ഇത് വിശ്വസിക്കാൻ പ്രയാസമാണ്. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തത വേണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പിതാവ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സോനയെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. 15 ദിവസങ്ങൾക്ക് മുൻപായിരുന്നു സോനയും വിപിനുമായുള്ള വിവാഹം. പ്രണയത്തിലായിരുന്ന ഇരുവരെയും വീട്ടുകാർ ചേർന്ന് വിവാഹം കഴിപ്പിക്കുകയായിരുന്നു.
Discussion about this post