പാരിസ് : വാഹനം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസിൽ പതിനേഴുകാരൻ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ പോലീസുകാരന് ജന പിന്തുണയേറുന്നു. സംഭവത്തെ തുടർന്ന് മതതീവ്രവാദികൾ രൂക്ഷമായ കലാപം അഴിച്ചു വിട്ടതിനെ തുടർന്നാണ് പോലീസുകാരനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയത്. നടപടി നേരിടുന്ന പോലീസുകാരന് അനുകൂലമായി ക്രൗഡ് ഫണ്ടിംഗും നടക്കുന്നുണ്ട്.
ഗോ ഫണ്ട് മീ എന്ന സംവിധാനം വഴി ആരംഭിച്ച പണപ്പിരിവിലൂടെ ഇതുവരെ ഒരു മില്യൺ ഡോളറാണ് ലഭിച്ചത്. ഇത് വൻ തോതിൽ വർദ്ധിക്കുന്നുമുണ്ട്. മരിയൻ ലെ പെൻ എന്ന രാഷ്ട്രീയ നേതാവിന്റെ മുൻ ഉപദേശകൻ ജീൻ മെസ്സിഹയാണ് പണപ്പിരിവിന് നേതൃത്വം നൽകിയത്. മതതീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങൾ പോലീസുകാരനു വേണ്ടി ശക്തമായി രംഗത്ത് വരാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ.
അതേസമയം അഞ്ച് ദിവസമായി തുടർന്നുവന്ന ആക്രമണങ്ങളുടെ ശക്തി കുറഞ്ഞതായാണ് സൂചന. എല്ലാ ദിവസവും സാധനങ്ങൾ വാങ്ങാൻ എത്തിക്കൊണ്ടിരുന്ന കടകൾ തന്നെയാണ് മതതീവ്രവാദികൾ കൊള്ളയടിച്ചതെന്ന് റൈംസ് മേയർ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട പതിനേഴുകാരന്റെ വീട് നിൽക്കുന്ന പ്രദേശത്ത് അക്രമങ്ങൾ ഗണ്യമായി കുറഞ്ഞു. സംഘർഷങ്ങൾ ഇല്ലാതാകുന്നതിൽ സന്തോഷമുണ്ടെന്ന് മേയർ പാട്രിക്ക് ജാറി പറഞ്ഞു.
ഫ്രാൻസിന്റെ അയൽ രാജ്യങ്ങളിലും കലാപം പടർന്നിരുന്നു. സ്വിറ്റ്സർലണ്ടിലെ നഗരങ്ങളിലും ബൽജിയത്തിൽ ബ്രസൽസിലും കലാപ ശ്രമങ്ങൾ ഉണ്ടായി. പോലീസ് ശക്തമായ നടപടികൾ എടുത്തതോടെയാണ് സ്ഥിതി നിയന്ത്രണാധീനമായത്.
Discussion about this post