കണ്ണൂർ : പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല. 15 ദിവസത്തിനകം സർവകലാശാലയുടെ നീലേശ്വരം ക്യാമ്പസസിൽ ചുമതലയേൽക്കണമെന്നാണ് നിർദ്ദേശം. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടാണ് ഉത്തരവ്. പ്രിയ വർഗീസിന് മതിയായ യോഗ്യത ഉണ്ടെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്ക് പിന്നാലെയാണ് നീക്കം.
പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്നും റാങ്ക് ലിസ്റ്റ് പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. വിഷയത്തിൽ സർവകലാശാല നിയമോപദേശം തേടിയതിന് പിന്നാലെയാണ് നിയമന ഉത്തരവ് നൽകിയിരിക്കുന്നത്.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഗവേഷണ കാലവും എൻഎസ്എസ് പ്രവർത്തന കാലവും അദ്ധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രിയ വർഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
എന്നാൽ റെഗുലേഷനിൽ പറയുന്ന അദ്ധ്യാപക പരിചയമില്ലാത്ത ഉദ്യോഗാർത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് യുജിസി അപ്പീൽ പോകാൻ തീരുമാനിച്ചത്.
Discussion about this post