തിരുവനന്തപുരം: നിരവധി സംശയങ്ങൾ ബാക്കിയാക്കി പന്നിയോട് സ്വദേശിനി സോനയുടെ മരണം. സന്തോഷവതിയായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയ മകൾക്ക് മണിക്കൂറുകൾക്കുള്ളിൽ മനസ്സിനെ മടുപ്പിക്കുന്ന എന്ത് വലിയ പ്രശ്‌നമാണ് ഉണ്ടായതെന്നാണ് വീട്ടുകാരുടെ സംശയം. സംഭവത്തിൽ ദുരൂഹത നീക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
ഞായറാഴ്ച രാത്രിയോടെയായിരുന്നു സോനയുടെ മരണം. അന്നേ ദിവസം സോന ഭർത്താവ് വിപിനൊപ്പം ഉച്ചവരെ സ്വന്തം വീട്ടിൽ ഉണ്ടായിരുന്നു. ഇവിടെ നിന്നും സന്തോഷത്തോടെ വിപിനൊപ്പം മടങ്ങുന്ന കാഴ്ചയാണ് വീട്ടുകാരുടെ മനസ്സിൽ ഇപ്പോഴുമുള്ളത്. എന്നാൽ രാത്രി സോന മരിച്ചതായുള്ള വാർത്ത ഇവരെ ഞെട്ടിച്ചു.
ശനിയാഴ്ചയായിരുന്നു സോന വിപിനൊപ്പം സ്വന്തം വീട്ടിൽ എത്തിയത്. പിറ്റേ ദിവസം ഇവർ പള്ളിയിൽ പോയിരുന്നു. ഉച്ചയ്ക്ക് ആഹാരവും കഴിഞ്ഞ ശേഷമായിരുന്നു ഇവർ വീട്ടിൽ നിന്നും മടങ്ങിയത്. വന്ന ദിവസം പ്രശ്‌നങ്ങൾ ഉള്ളതായി സോന വീട്ടുകാരോട് പറഞ്ഞിരുന്നില്ല. മാത്രമല്ല തിങ്കളാഴ്ച മുതൽ ജോലിയ്ക്ക് പോകണമെന്നും സോന വീട്ടിൽ പറഞ്ഞിരുന്നു. രാത്രി ഭർതൃവീട്ടിലെത്തിയ സോന തനിക്ക് തലവേദനയുണ്ടെന്ന് പറഞ്ഞാണ് അവസാനമായി വിളിച്ചത്.
കിടപ്പു മുറിയിലാണ് സോന തൂങ്ങിമരിച്ചത്. സംഭവ സമയം വിപിനും ഒപ്പമുണ്ടായിരുന്നു. ഇത് അറിഞ്ഞില്ലെന്നാണ് വിപിന്റെ മൊഴി. ഇത് വീട്ടുകാർ വിശ്വസിച്ചിട്ടില്ല. ഒൻപത് മണിയ്ക്ക് ഉറങ്ങിയെന്ന മൊഴി കള്ളമാണെന്നാണ് വീട്ടുകാർ പറയുന്നത്. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളു എന്ന് പോലീസ് അറിയിച്ചു.
രണ്ട് ആഴ്ച മുൻപാണ് വിപിനും സോനയും വിവാഹിതരായത്. ഇരുവരും രണ്ട് സമുദായങ്ങളിൽപ്പെട്ടവരായിരുന്നു. എന്നാൽ ഇരുവരുടെയും ഇഷ്ടപ്രകാരം വിവാഹം ചെയ്ത് നൽകുകയായിരുന്നു.
Discussion about this post