തൃശ്ശൂർ: ചാലക്കുടിയിൽ വീശി അടിച്ച് മിന്നൽ ചുഴലി. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായി.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ഇതേ തുടർന്ന് നിരവധി വാഹനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ടെസ്ല ലാബിന് മുൻപിലെ മാവ് കടപുഴകി വീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു. ട്രാം വേ റോഡിൽ മരം വീണ് ലോറിയുടെ ചില്ല് തകർന്നു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും കാറ്റ് കനത്ത നാശം വിതച്ചിട്ടുണ്ട്.
രാവിലെ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചുഴലിക്കാറ്റ് ഉണ്ടായത്. ഇതോടെ ജനങ്ങൾ ആകെ ഭീതിയിലാണ്. രാവിലെ 8.16 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
Discussion about this post