തിരുവനന്തപുരം : ആന്ധ്രാ പ്രദേശിൽ നിന്നും വിമാനത്തിൽ കേരളത്തിലെത്തി മോഷണ നടത്തിയ ശേഷം വിമാനത്തിൽ തന്നെ മടങ്ങുന്ന അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. സമ്പതി ഉമ പ്രസാദ് (32) ആണ് കേരള പോലീസിന്റെ പിടിയിലായത്. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് 28 ന് ഇയാൾ കേരളത്തിൽ എത്തിയിരുന്നു. പത്മനാഭസ്വാമി ക്ഷേത്രവും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിച്ചു. വീണ്ടും ജൂൺ 2 ന് വന്ന് മറ്റ് സ്ഥലങ്ങൾ സന്ദർശിച്ച് തിരികെ ആന്ധ്രയിലേക്ക് പോയി. ജൂൺ 6ന് മൂന്നാം തവണ വന്നാണ് ഫോർട്ട്, പേട്ട സ്റ്റേഷൻ പരിധികളിൽ മോഷണങ്ങൾനടത്തിയത്. തുടർന്ന് ജൂലൈ ഒന്നിന് ആന്ധ്രയിലേക്ക് തന്നെ മടങ്ങി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ ഹോട്ടലിൽ കൊണ്ടുവിട്ട ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി. തുടർന്ന് ഹോട്ടലിൽ നിന്ന് ഇയാളുടെ പേരും രേഖകളും കണ്ടെത്തുകയായിരുന്നു.
അന്വേഷണത്തിൽ മോഷ്ടാവ് കേരളത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണെന്ന് വ്യക്തമായി. തുടർന്ന് ജൂൺ 5 ന് പുലർച്ചെ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി. തൊപ്പിയും ബനിയനും ഷോട്‌സുമിട്ടാണ് മോഷണം നടത്തുക. കൈയ്യിൽ ഗ്ലൗസും ധരിക്കും. കണ്ണുകൾ ഒഴികെ മറ്റെല്ലാം മറയ്ക്കും മാസ്‌കും ധരിക്കും. സ്വർണമാണ് പ്രധാനമായും മോഷ്ടിക്കുന്നത്. തുടർന്ന് ഇത് ആന്ധ്രയിലെ സ്ഥാപനങ്ങളിൽ പണയം വയ്ക്കുന്നതാണ് രീതി.
ആന്ധ്രയിലെ ഖമ്മം സ്വദേശിയാണ് പ്രതി. നാട്ടിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. വർഷങ്ങൾക്ക് മുൻപ് എവറസ്റ്റ് കീഴടക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു.
Discussion about this post