ധാക്ക: ലോകകപ്പിന് മൂന്ന് മാസങ്ങൾ മാത്രം അവശേഷിക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ഏകദിന ക്യാപ്ടൻ തമീം ഇക്ബാൽ. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തമീമിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
എന്നാൽ തീരുമാനം പെട്ടെന്നുള്ളതായിരുന്നില്ലെന്നും, ഏറെ നാളായി വിരമിക്കലിനെ കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും തമീം പറഞ്ഞു. ടീമിന് വേണ്ടി 100 ശതമാനവും സമർപ്പിച്ചുവെന്നും ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ പരമാവധി പരിശ്രമിച്ചുവെന്നും ഛത്തോഗ്രാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരാധീനനായി തമീം ഇക്ബാൽ പറഞ്ഞു.
നിലവിൽ ഏകദിനം കളിക്കുന്ന അന്താരാഷ്ട്ര താരങ്ങളിൽ, റൺ വേട്ടയിൽ വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു തമീം ഇക്ബാൽ. 2007ൽ ഏകദിനത്തിൽ അരങ്ങേറിയ അദ്ദേഹം 241 മത്സരങ്ങളിൽ നിന്നും 14 സെഞ്ച്വറികൾ ഉൾപ്പെടെ 8,313 റൺസ് നേടിയിട്ടുണ്ട്.
34 വയസുകാരനായ തമീം ഇക്ബാലിന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ട്വന്റി 20യിൽ നിന്നും കഴിഞ്ഞ വർഷം അദ്ദേഹം വിരമിച്ചിരുന്നു.
Discussion about this post