ന്യൂഡൽഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ വർദ്ധനവ്. ജൂൺ 30ലെ കണക്ക് പ്രകാരം 1.9 ബില്ല്യൺ ഡോളറിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ ആകെ വിദേശനാണ്യ കരുതൽ ശേഖരം 595.1 ബില്ല്യൺ ഡോളറായി.
വിദേശനാണ്യ ആസ്തി 2.5 ബില്ല്യൺ ഉയർന്ന് 528 ബില്ല്യൺ ആയതായും റിസർവ് ബാങ്കിന്റെ പ്രസ്താവനയിൽ പറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി രൂപയെ ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഫലപ്രദമായി വിദേശനാണ്യ കരുതൽ ശേഖരം വിനിയോഗിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി ചൂണ്ടിക്കാട്ടിയിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കൽ, വിപണിയിലെ കാര്യക്ഷമമായ ഇടപെടൽ, ഡോളറിന്റെ കൃത്യമായ വിറ്റഴിക്കൽ എന്നിവയിലൂടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചതായി അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ വിനിമയ വിപണികളെ റിസർവ് ബാങ്ക് കൃത്യമായി നിരീക്ഷിക്കുന്നതിന്റെ ഫലമായാണ് ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യക്ക് അനായാസം വിദേശനാണ്യ കരുതൽ ശേഖരം ഉയർത്താൻ സാധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Discussion about this post