കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത. സിപിഎമ്മിന്റെ ദേശീയ സെമിനാറിൽ സമസ്ത പങ്കെടുക്കും. സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ സഹകരിച്ചത് പോലെ തന്നെ ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭ പരിപാടികളിലും സമസ്ത പങ്കെടുക്കും. കോൺഗ്രസുമായും ലീഗുമായും സഹകരിക്കും. പൊതുസ്വഭാവമുള്ള പരിപാടികളിൽ പങ്കെടുക്കും. വിഷയവുമായി ബന്ധപ്പെട്ട് സമസ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നിവേദനം നൽകും. ഏകീകൃത സിവിൽ കോഡ് എല്ലാ മതങ്ങളെയും ബാധിക്കുന്ന വിഷയമാണ്. നിയമം മൂലം ആരും പ്രയാസപ്പെടരുത്. അതുകൊണ്ടാണ് നിയമം നടപ്പിലാക്കരുതെന്ന് ആവശ്യപ്പെടുന്നത്. ഓരോ മതങ്ങൾക്കും വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണ ഘടന ഉറപ്പ് നൽകുന്നുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ നേരത്തെയും ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത് എത്തിയിരുന്നു. നിയമത്തിനെതിരെ പൊതുജന മുന്നേറ്റം സംഘടിപ്പിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
Discussion about this post