ഭോപ്പാൽ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഹിന്ദുത്വ ബോധം ഉണരുന്ന പാർട്ടി എന്ന വിമർശനം അർത്ഥവത്താക്കി മദ്ധ്യപ്രദേശിൽ കോൺഗ്രസ് സീസണൽ ഹിന്ദുത്വ നയവുമായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം തുടങ്ങി. പാർട്ടി യോഗത്തിൽ പ്രവർത്തകൻ ‘ജയ് ശ്രീറാം‘ മുഴക്കിയതിന് പിന്നാലെ, താൻ കടുത്ത ഹനുമാൻ ഭക്തനാണെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി കമൽനാഥും രംഗത്ത് വന്നു. ഇതിന് പുറമേ, വിവിധ ഹൈന്ദവ ആഘോഷങ്ങൾക്ക് പാർട്ടി പ്രവർത്തകരെ സജ്ജരാക്കാനും ഹിന്ദുക്കളെ പങ്കെടുപ്പിച്ച് മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനും പാർട്ടി അനുഭാവികളായ ഹിന്ദു സന്യാസിമാരെയും ചുമതലപ്പെടുത്തി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ‘പൂജാരി പ്രകോഷ്ട്‘ എന്ന ആത്മീയ ആചാര്യന്മാരുടെ സംഘടനയും സജീവമായ രാഷ്ട്രീയ പ്രചാരണങ്ങളുമായി രംഗത്തുണ്ട്. ഭരണത്തിലെത്തുമ്പോൾ ഹിന്ദുക്കളെ മറന്ന് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം പുറത്തെടുക്കുന്നു എന്ന ആരോപണങ്ങളെ മറികടക്കാനാണ് കോൺഗ്രസിന്റെ ഈ നീക്കമെന്ന് വിമർശനങ്ങൾ ശക്തമാണ്. പാർട്ടിയിലെ മുസ്ലീം വോട്ട് ബാങ്ക് നഷ്ടമാകാൻ മാത്രമേ ഈ നീക്കം കൊണ്ട് സാധിക്കൂവെന്നാണ് കോൺഗ്രസിലെ മുസ്ലീം നേതാക്കളുടെ പക്ഷം.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് പതിവായി ഈ അഭ്യാസങ്ങൾ പുറത്തെടുക്കാറുണ്ടെന്നും, എന്നാൽ പതിവുപോലെ ജനങ്ങൾ ഇതിനെ തിരസ്കരിക്കാറുണ്ടെന്നുമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ഹിന്ദുക്കളും പുരോഹിതന്മാരും നിലവിൽ ബിജെപിയെ ആണ് പിന്തുണക്കുന്നത്. അവരുടെ ആവശ്യങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുന്ന പാർട്ടി ബിജെപി ആണെന്ന് അവർക്ക് ഉത്തമ ബോദ്ധ്യമുണ്ട്. ഒരുകാലത്തും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ വെള്ളം ചേർക്കാത്ത പാർട്ടി ബിജെപി ആണെന്നും സംസ്ഥാനത്തെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഉത്തമ ബോദ്ധ്യമുണ്ടെന്നും പാർട്ടി നേതാവ് വി ഡി ശർമ്മ പറയുന്നു.
കശ്മീർ വിഷയം, പൗരത്വ ഭേദഗതി നിയമം, ഏകീകൃത സിവിൽ കോഡ്, ഹിജാബ് വിവാദം, ഗോവധ നിരോധനം, ന്യൂനപക്ഷ സംവരണം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് പൊളിറ്റിക്കൽ ഇസ്ലാമിനൊപ്പമാണ് എന്ന പ്രചാരണം ശക്തമാക്കാനാണ് മദ്ധ്യപ്രദേശിൽ ബിജെപിയുടെ ശ്രമം. ഇക്കാര്യം വിശദീകരിച്ച് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കുമെന്ന് ബിജെപി നേതാവ് ഹിതാനന്ദ് ശർമ്മ വ്യക്തമാക്കുന്നു. ഇതിനായി സോഷ്യൽ മീഡിയ പ്രചാരണവും പൊതുവേദികളിൽ വീഡിയോ പ്രചാരണവും നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ പശുക്കുട്ടിയെ പരസ്യമായി, ഇഞ്ചിഞ്ചായി അറുത്ത കേരള നേതാവ് റിജിൽ മാക്കുറ്റി അടക്കമുള്ളവരുടെ വീഡിയോകൾ ഹൈന്ദവ പുരോഹിതന്മാർ അടക്കമുള്ളവരിലേക്ക് സജീവമായി എത്തിക്കാൻ പാർട്ടിക്ക് മുൻകാലങ്ങളിൽ സാധിച്ചിട്ടുണ്ട്.
Discussion about this post