ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ കേന്ദ്രമന്ത്രി നിത്യാനന്ദ റായിയുമായി കൂടിക്കാഴ്ച നടത്തി. എൽജെപി എൻഡിഎ സഖ്യത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെയാണ് കൂടിക്കാഴ്ച. ചിരാഗ് പസ്വാൻ കേന്ദ്രമന്ത്രിയായി ഉടൻ സത്യപ്രതിജ്ഞ ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിതാവും എൽജെപി മുൻ അദ്ധ്യക്ഷനുമായിരുന്ന രാംവിലാസ് പസ്വാൻ ബിജെപിക്കൊപ്പം ചേർന്ന് ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു. എൻഡിഎ ഞങ്ങളുടെ തറവാടാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയെ പ്രതിപക്ഷ സഖ്യത്തിന് ഭയമാണ്. പ്രതിപക്ഷത്തിന് ചൂണ്ടിക്കാണിക്കാൻ സ്വന്തമായി ഒരു നേതാവോ വ്യക്തമായ ഒരു നയമോ ഇല്ല. നയരൂപീകരണം, രാഷ്ട്രസേവനം, നേതൃപാടവം എന്നിവ പ്രതിപക്ഷം പ്രധാനമന്ത്രിയിൽ നിന്നും പഠിക്കണമെന്നും ചിരാഗ് പസ്വാൻ പറഞ്ഞു.
എൽജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കളുടെ ഒരു യോഗം ചിരാഗ് പസ്വാൻ വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിൽ എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉണ്ടായേക്കും. ജൂലൈ 18ന് നടക്കുന്ന എൻഡിഎ യോഗത്തിൽ എൽജെപിയും ഉണ്ടാകും എന്നാണ് സൂചന.
അതേസമയം എൽജെപിയുടെ എൻഡിഎ പ്രവേശനം ബിഹാറിൽ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ സാന്നിദ്ധ്യമറിയിക്കാൻ എൽജെപിക്ക് സാധിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച കഴിഞ്ഞ മാസം പ്രതിപക്ഷ സഖ്യമുപേക്ഷിച്ച് എൻഡിഎയിൽ ചേർന്നിരുന്നു. എൽജെപി കൂടി ഒപ്പമെത്തുന്നതോടെ, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ സാദ്ധ്യതകൾ കുറച്ചുകൂടി ശക്തമാകും.
Discussion about this post