ഭോപ്പാൽ: രാഷ്ട്രീയ സ്വയംസേവക സംഘം ദ്വിതീയ സർസംഘചാലക് ഗുരുജി ഗോൾവൽക്കർക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുകയും വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്ത കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ കേസെടുത്തു. മദ്ധ്യപ്രദേശിലെ ഇൻഡോർ പോലീസാണ് കേസെടുത്തിരിക്കുന്നത്. വ്യാജപ്രചാരണത്തിലൂടെ സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്.
ഗുരുജിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഒരു ചിത്രമാണ് ദിഗ്വിജയ് സിംഗ് വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചത്. ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേ അവകാശങ്ങൾ നൽകുന്നതാണ് സ്വാതന്ത്ര്യമെങ്കിൽ ആ സ്വാതന്ത്ര്യം തനിക്ക് വേണ്ട എന്ന് ഗുരുജി പറഞ്ഞു എന്ന തരത്തിലായിരുന്നു പ്രചാരണത്തിന്റെ ഉള്ളടക്കം.
ദിഗ്വിജയ് സിംഗിന്റെ പ്രചാരണത്തിനെതിരെ ആർ എസ് എസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സമൂഹത്തിൽ അസ്വസ്ഥത പടർത്താനും ആർ എസ് എസിന്റെ പ്രതിച്ഛായ മോശമാക്കുന്നതിനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രചാരണമെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ അംബേക്കർ പ്രതികരിച്ചിരുന്നു.
സാമൂഹികമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിച്ച് സൗഹാർദപൂർണമായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ ശ്രമിച്ച ഗുരുജിയെ അവഹേളിച്ച കോൺഗ്രസ് നേതാവ് നിയമനടപടിക്ക് വിധേയനാകണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആവശ്യപ്പെട്ടു. ആർ എസ് എസ് പ്രവർത്തകനായ രാജേഷ് ജോഷിയുടെ പരാതിയിന്മേലാണ് ദിഗ്വിജയ് സിംഗിനെതിരെ കേസ് എടുത്തിരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ, വ്യാജവാർത്ത പ്രചരിപ്പിക്കൽ, അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധങ്ങളായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Discussion about this post