എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ ഉത്തരവ് നിലനിൽക്കേ ബസുടമ രാജ്‌മോഹന് മർദ്ദനമേറ്റത് ഗൗരവതരമാണ്. അടിയേറ്റത് കോടതിയുടെ മുഖത്താണെന്നും ഹൈക്കോടതി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. ഹർജിയിൽ കോട്ടയം എസ്പിയോടും, കുമരകം എസ്എച്ച്ഒയോടും നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു കോടതിയുടെ വിമർശനം.
ബസുടമയ്ക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് നിലനിൽക്കേ എങ്ങനെയാണ് ബസ് ഉടമയ്ക്ക് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയോ?. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിശോധന കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായോ? എന്നും കോടതി ചോദിച്ചു.
അടിയേറ്റത് ബസുടമയ്ക്ക് ആണെങ്കിലും അടിയേറ്റത് കോടതിയുടെ മുഖത്താണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. കോടതി ഉത്തരവ് നിലനിൽക്കേ, പോലീസുകാർ നോക്കി നിൽക്കേ ഇത്തരത്തിൽ സാധരണക്കാർക്ക് മർദ്ദനമേൽക്കുന്നതിലൂടെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടും. ബസ് ഉടമ ഒന്ന് അടികൊള്ളട്ടേ എന്നിട്ട് ഇടപെടാമെന്നായിരുന്നു ഇതിൽ പോലീസ് സ്വീകരിച്ച നയം. പോലീസ് നടത്തിയത് നാടകം അല്ലെ?. എല്ലാ ട്രേഡ് യൂണിയനുകളും കയ്യൂക്കിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.
ലേബർ ഓഫീസിലും മറ്റും തോൽക്കുമ്പോൾ ട്രേഡ് യൂണിയനുകൾ കയ്യൂക്ക് കാണിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടത്. അതുകൊണ്ടുതന്നെ ഗൗരവമുള്ള സംഭവമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ രേഖകളുമായി ഒരിക്കൽ കൂടി ഹാജരാകാൻ കോടതി പോലീസുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.
Discussion about this post