ന്യൂഡൽഹി : പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ പ്രശ്‌നപരിഹാരം തേടി ഗവർണർ ഡോ. സിവി ആനന്ദബോസ് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിതാഷായുമായി ചർച്ച നടത്തി, സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാനുള്ള ലക്ഷ്യവുമായാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും അദ്ദേഹം കേന്ദ്രമന്ത്രിയ്ക്ക് കൈമാറും.ഇന്ന് വൈകുന്നേരമാണ് കേന്ദ്രമന്ത്രിയുമായി ബംഗാൾ ഗവർണർ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
വോട്ടെടുപ്പിനിടെ വലിയരീതിയുള്ള അക്രമമാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടത്. വോട്ടെടുപ്പിനിടെ ഉണ്ടായ അക്രമത്തിൽ 12 പേരോളം കൊല്ലപ്പെട്ടുവെന്നാണ് വിവരം. ബൂത്തുകൾ തകർക്കപ്പെടുകയും ബാലറ്റ് പേപ്പറുകൾ കത്തിക്കുകയും ചെയ്തു. സംഘർഷത്തിനിടെ ബാലറ്റ് പേപ്പറുകൾ മോഷണം പോയതായും റിപ്പോർട്ടുകളുണ്ട്. മുർഷിദാബാദ്, കൂച്ച് ബീഹാർ, മാൾഡ, സൗത്ത് 24 പർഗാനാസ്, നോർത്ത് ടിനജ് പൂർ,നാദിയ എന്നീ ബൂത്തുകളിലെ ബാലറ്റ് പ്പെട്ടികൾ സംഘർഷത്തിൽ നശിക്കപ്പെട്ടതായി പാനൽ ഓഫീസർമാർ വ്യക്തമാക്കി.
അക്രമസംഭവങ്ങളെ തുടർന്ന് നിർത്തിവെച്ച പോളിംഗ് ഇന്ന് പുനഃരാരംഭിച്ചിരുന്നു. 5 ജില്ലകളിലെ 679 ബൂത്തുകളിലായാണ് ഇന്ന് റീ പോളിംഗ് നടക്കുന്നത്. പുരുലിയ, ബിർബൂം, ജൽപയ്ഗുരി, നാദിയ, സൗത്ത് 24 പർഗാനാസ് എന്നീ ജില്ലകളിലാണ് റീപോളിംഗ് നടത്തുന്നത്.രാവിലെ ഏഴു മണിയോടെ ആരംഭിച്ച വോട്ടിംഗിൽ ഇതുവരെ അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല..
ജൂലായ് 8 ന് നടന്ന പോളിംഗ് അസാധുവാക്കി പഞ്ചായത്ത് പോളിംഗ് വീണ്ടും നടത്താൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജഗനാഥ് ചതോപാഥ്യായ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് എഴുതിയിരുന്നു. റീപോളിംഗ് നടത്തുന്ന ബൂത്തുകളിൽ സിസി ടിവി സ്ഥാപിക്കണമെന്നാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം.
തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിലെ ബൂത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം വ്യാപകമായ വടക്കൻ ജില്ലകൾ ഗവർണർ സന്ദർശിച്ചിരുന്നു. ഗവർണറുടെ ഈ അടിയന്തര ഇടപെടൽ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകിയിട്ടുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് സമാധാനദൗത്യം എന്ന ലക്ഷ്യവുമായി ആനന്ദ് ബോസ് ആഭ്യന്തരമന്ത്രിയുമായി ഡൽഹിയിൽവെച്ച് ചർച്ച നടത്തുന്നത്.
Discussion about this post