ബംഗലൂരു: കർണാടകയിലെ ജൈന സന്യാസിയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് ബിജെപി എം എൽ എ സിദ്ദു സാവദി. ജൈന സന്യാസി കാമകുമാർ നന്ദി മഹാരാജിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു ഇന്ത്യക്കാരന് ഒരിക്കലും ഇത്രയും ക്രൂരമായ രീതിയിൽ ഒരു മനുഷ്യനെ കൊലപ്പെടുത്താൻ സാധിക്കില്ല. ഇതിന് പിന്നിൽ വൈദേശിക ആശയങ്ങളുടെയും വിദേശ തീവ്രവാദികളുടെയും പ്രത്യക്ഷമായ പങ്കോ പരോക്ഷമായ സ്വാധീനമോ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൈന സന്യാസിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളായി മുറിച്ച് കുഴൽക്കിണറിൽ തള്ളുകയായിരുന്നു. നിർദ്ദോഷികളായ ജൈന സന്യാസിമാരെ തീവ്രവാദികൾ ലക്ഷ്യം വെക്കുകയാണ്. തങ്ങളുടെ സുരക്ഷയിൽ കർണാടകയിലെ ജൈന സമൂഹത്തിന് ആശങ്കയുണ്ടെന്നും സർക്കാർ ഇത് ഗൗരവപൂർവം പരിഗണിക്കണമെന്നും സിദ്ദു സാവദി ആവശ്യപ്പെട്ടു.
ജൈന സന്യാസിയുടെ കൊലപാതകം അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. കേസിൽ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം അതിനായി ബിജെപി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി,
ജൈന സന്യാസിയുടെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന സംശയിക്കപ്പെടുന്നതായി ബിജെപി എം എൽ എ അഭയ് പാട്ടീൽ വ്യക്തമാക്കി. കർണാടകയിലെ കോൺഗ്രസ് സർക്കാർ ഹിന്ദു വിരുദ്ധമാണ്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ ബെൽഗാവിയിൽ ‘പാകിസ്താൻ സിന്ദാബാദ്‘ മുദ്രാവാക്യം മുഴക്കിയ സംഭവവും അദ്ദേഹം ഓർമ്മിപ്പിച്ചു.
Discussion about this post