കാഠ്മണ്ഡു: നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു. യാത്രികരിൽ 5 പേരും വിദേശികളാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സോലുഖുംബുവിലെ സുർകിയിൽ നിന്നും രാവിലെ 9.45നാണ് ഹെലികോപ്റ്റർ യാത്ര ആരംഭിച്ചത്. മനാംഗ് വ്യോമസംഘത്തിന്റെ ഭാഗമായ ഹെലികോപ്റ്റർ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നു. പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിന് അപകടം സംഭവിക്കുകയായിരുന്നു.
എവറസ്റ്റ് കൊടുമുടിക്ക് സമീപം ലിഖുപികെയിലെ ലാംജുറയിലാണ് ഹെലികോപ്റ്റർ തകർന്നുവീണിരിക്കുന്നത്. ലാംജുറയിലെ ഭാകെൻജെ ഗ്രാമവാസികളാണ് ഹെലികോപ്റ്റർ തകർന്നുവീഴുന്നത് ആദ്യമായി കണ്ടത്. ഇവർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ക്യാപ്ടൻ ചേത് ബഹാദൂർ ഗുരുംഗ് ആണ് ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്നത്. മറ്റ് യാത്രക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Discussion about this post