കൊച്ചി: നിയമം ലംഘിച്ച് അനധികൃതമായി ഭൂമി കൈവശം വച്ച സംഭവത്തിൽ പിവി അൻവറിന് തിരിച്ചടി. കേസിലെ കോടതിയലക്ഷ്യ ഹർജിയിൽ അടിയന്തര നടപടി നിർദ്ദേശിച്ച് കൈക്കോടതി. മിച്ചഭൂമി തിരിച്ചുപിടിച്ച് റിപ്പോർട്ട് ഉടൻ നൽകണമെന്ന് കോടതി ഉത്തരവിട്ടു. സാവകാശം നൽകണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ആഴ്ച തന്നെ സത്യവാങ്മൂലം നൽകണമെന്നാണ് കോടതി നിർദ്ദേശം.
2017 ൽ മിച്ച ഭൂമി കേസ് പരിഗണിച്ച കോടതി, അഞ്ച് മാസത്തിനകം ഭൂമി തിരിച്ചുപിടിക്കാൻ ഉത്തവിട്ടിരുന്നു, താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനായിരുന്നു നിർദ്ദേശം. എന്നാൽ കാലമിത്രയായിട്ടും അത് നടപ്പാക്കിയില്ല. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. നടപടി എടുക്കാൻ 10 ദിവസം സാവകാശം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോചതി തള്ളി.
ഭൂപരിധി നിയമം ലംഘിച്ച് പി.വി അൻവറും കുടുംബവും ഭൂമി കൈവശം വെച്ചന്ന് മലപ്പുറത്തെ വിവരാവകാശ കൂട്ടായ്മയാണ് പരാതി ഉന്നയിച്ചത്. കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഭൂമി ഉണ്ടെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് നാമ നിർദേശ പത്രികക്കൊപ്പം നൽകിയ സ്വത്തു വിവരങ്ങളിൽ 207 ഏക്കർ ഭൂമി കൈവശമുള്ളതായി കാണിച്ചിരുന്നു. ഈ രേഖകൾ ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ പ്രവർത്തകനായ മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതിയിൽ ഹർജി നൽകിയത്.
സംഭവത്തെ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ ഉണ്ടായി. അനധികൃതമായി കൈവശം വെച്ച ഭൂമി കണ്ടു കെട്ടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിലായിരുന്നു പ്രതിഷേധം. ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വിവരവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദിവാസികളും ഭൂരഹിതരും സമരം നടത്തുകയും ചെയ്തിരുന്നു. അധിക ഭൂമി കണ്ടുകെട്ടി ഭൂരഹിതർക്കും ആദിവാസികൾക്കും വിതരണം ചെയ്യാൻ തയ്യാറാവാത്ത സർക്കാർ നടപടി ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Discussion about this post