വടക്കേ ഇന്ത്യ പേമാരി ഭീഷണിയിലാണ്. കനത്ത മഴ ഇനിയും പെയ്യുമെന്നാണ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡെല്‍ഹി ഉള്‍പ്പടെ മേഖലയിലെ കനത്ത മഴയ്ക്ക് കാരണം മണ്‍സൂണ്‍ കാറ്റും വെസ്റ്റേണ്‍ ഡിസ്റ്റര്‍ബന്‍സും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം മൂലമാണെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചിരിക്കുന്നത്. ഇവിടെ അതിതീവ്ര മഴയുണ്ടാകുമെന്നാണ് ഐഎംഡി നല്‍കുന്ന സൂചന.
ഇതിനിടെ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഷെല്‍ഫ് മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടുവെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയ ഒന്നാകെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഭീതിപ്പെടുത്തുന്ന തരത്തില്‍ കറുത്ത നിറത്തില്‍ ആകാശത്ത് പടുകൂറ്റന്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായാണ് വീഡിയോയില്‍ കാണുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വീഡിയോ വൈറലായി. കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അസാധാരണ കാലാവസ്ഥ തുറന്നുകാട്ടുന്ന ഇത്തരം വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇവയുടെ ആധികാരികത ഉറപ്പുവരുത്തുക പ്രയാസകരമാണ്. ജൂലൈ 9നാണ് ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്തതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അനിന്ദ്യ സിംഗ് എന്ന അക്കൗണ്ടിലാണ് ഇത് ആദ്യം വന്നത്. തനിക്ക് ഒരു സുഹൃത്ത് തന്ന വീഡിയോ എന്ന തലക്കെട്ടോടെയാണ് അദ്ദേഹമിത് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
എന്തായാലും അവിസ്മരണീയമായ ഈ മേഘ രൂപീകരണം സോഷ്യല്‍ മീഡിയയുടെ കൗതുകം പിടിച്ചുപറ്റിയിരിക്കുകയാണ്. എന്താണ് ഈ സംഭവമെന്നറിയാന്‍ പലരും ഗൂഗിളിനെ ആശ്രയിച്ചിരിക്കുകയാണ്. അങ്ങനെ ഷെല്‍ഫ് മേഘം രാജ്യത്ത് ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.
എന്താണ് ഷെല്‍ഫ് മേഘങ്ങള്‍
ഷെല്‍ഫ് മേഘം എന്നും അര്‍കസ് മേഘമെന്നും അറിയപ്പെടുന്ന ഈ മേഘം അതിശക്തമായ കാറ്റുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് അമേരിക്കയിലെ ദേശീയ കാലാവസ്ഥാ സേവനം (എന്‍ഡബ്ല്യൂഎസ്) പറയുന്നത്. ഭിത്തി മേഘം, പുകക്കുഴല്‍ മേഘം എന്നെല്ലാം ഇതിനെ വിളിക്കാറുണ്ട്. തീവ്രമായ മഴയുണ്ടാക്കുന്ന, നിബിഡമായ ക്യുമുലോനിംബസ് മേഘങ്ങള്‍ക്ക് താഴെയായാണ് ഷെല്‍ഫ് മേഘങ്ങള്‍ രൂപപ്പെടുന്നത്.
എങ്ങനെയാണ് ഷെല്‍ഫ് മേഘങ്ങള്‍ രൂപപ്പെടുന്നത്
ക്യുമുലോനിംബസ് മേഘത്തില്‍ നിന്നും തണുത്ത വായു താഴേക്ക് നീങ്ങി നിലം തൊടുമ്പോള്‍ തണുത്ത ആ വായു അവിടെയാകെ പരക്കുകയും അവിടെ ഉണ്ടായിരുന്ന ചൂടുള്ള, ഈര്‍പ്പമുള്ള മേഘം മുകളിലേക്ക് പോകുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന് മുകളിലെത്തി അതിനുള്ളിലെ ജലകണങ്ങള്‍ ഘനീഭവിക്കുകയും അത് ഷെല്‍ഫ് മേഘമായി രൂപപ്പെടുകയുമാണ് ചെയ്യുന്നതെന്ന് യുകെ കാലാവസ്ഥാ ഓഫീസ് പറയുന്നു. താഴെയും മുകളിലും വ്യത്യസ്തമായ ദിശകളിലേക്ക് കാറ്റിന്റെ സഞ്ചാരമുണ്ടാകുമ്പോള്‍ ഷെല്‍ഫ് മേഘം കറങ്ങുന്ന സ്ഥിതിയുണ്ടാകാം.
Discussion about this post