കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ വിധി പ്രസ്താവിച്ച് എൻഐഎ പ്രത്യേക കോടതി. കേസിൽ ഭീകരപ്രവർത്തനം തെളിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ കേസിൽ ആറ് പേർ കുറ്റക്കാരണെന്ന് വിധിച്ച കോടതി, 5 പേരെ വെറുതെ വിട്ടു. സജിൽ,നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ് ,അയൂബ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഷഫീക്, അസീസ്, സുബൈർ,മുഹമ്മദ് ഫാഫി മൻസൂർ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്.
ഭീകരപ്രവർത്തനം, ഗൂഢാലോചന, 143 ആയുധം കൈവശം വെച്ചതിന്, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞു. കേസിലെ ഒന്നാം പ്രതിയായ സവാദ് ഇപ്പോഴും ഒളിവിലാണ്.
സംഭവത്തിന്റെ മുഖ്യസൂത്രധാരനായ പോപ്പുലർ ഫ്രണ്ട് ഭീകരൻ നാസറിനെതിരെ ഗൂഢാലോചന കുറ്റമടക്കം തെളിഞ്ഞുവെന്ന് കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി വിധിച്ചത്.
2010 മാർച്ച് 23 നാണ് തൊടുപുഴ ന്യൂമൻ കോളേജിലെ അദ്ധ്യാപകനായ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ പോപ്പുലർ ഫ്രണ്ട് ഭീകകർ വെട്ടിയത്. ചോദ്യപേപ്പറിൽ നബിയെ അപമാനിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷ പേപ്പറിൽ മതനിന്ദയുണ്ടെന്നായിരുന്നു ആരോപണം. കൃത്യത്തിന് വിദേശത്ത് നിന്ന് അടക്കം സാമ്പത്തിക സഹായം ലഭിച്ചെന്നും പോപ്പുലർ ഫ്രണ്ട് ഭീകരരാണ് പിന്നിലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സംഭവത്തിനുശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്ത് വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻഐഎ വിചാരണ പൂർത്തിയാക്കിയത്.
Discussion about this post