മെക്‌സികോ സിറ്റി: മെക്‌സികോയിൽ കുഴി ബോംബ് സ്‌ഫോടനം. പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജാലിസ്‌കോയിലായിരുന്നു സംഭവം. ആക്രമണം ലക്ഷ്യമിട്ട് വഴിയരികിലാണ് അക്രമികൾ ബോംബുകൾ സ്ഥാപിച്ചിരുന്നത്. കൊല്ലപ്പെട്ടവരിൽ നാല് പേർ പോലീസുകാരാണ്. മറ്റ് രണ്ട് പേർ പ്രദേശവാസികളാണ്. ആക്രമണത്തിൽ നാല് വാഹനങ്ങളും തകർന്നു.
ലഹരി മാഫിയ സംഘങ്ങൾ ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പ്രാഥമിക വിവരം. സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ആയിരുന്നു ആക്രമണമെന്നാണ് സൂചന. അടുത്തിടെ ലഹരി മാഫിയകൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിച്ചുവരികയാണ്. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം ആയത് എന്നാണ് അധികൃതർ സംശയിക്കുന്നത്.
പരിക്കേറ്റവരിൽ 12 പേർ പ്രദേശവാസികൾ ആണ്. ഇതിൽ മൂന്ന് പേർ 9, 13, 14 വയസ്സുള്ള കുട്ടികളാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് സുരക്ഷാ സേന പരിശോധന നടത്തി. എട്ട് ബോംബുകൾ നിർവ്വീര്യമാക്കിയിട്ടുണ്ട്.
അതേസമയം ആക്രമണത്തെ ശക്തമായി അപലപിച്ച് മെക്‌സിക്കൻ ഗവർണർ രംഗത്ത് എത്തി. നിയമം നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുളള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post