ആയുസ്സിന് ഭീഷണിയായ അസുഖത്തെ മനോധൈര്യം കൊണ്ട് കീഴടക്കിയ യുകെ വനിതയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 33-കാരിയായ വിക്ടോറിയ ഡാന്‍സണ്‍ എന്ന യുവതിയാണ് ക്രോണ്‍സ് രോഗം ജീവന്‍ കവരുന്നതിന് മുമ്പ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ന്യൂയോര്‍ക്ക് പോസ്റ്റുമായി ഇവര്‍ പങ്കുവെച്ച കഥ, ജീവിതത്തിരക്കുകള്‍ക്കിടയില്‍ ശരീരത്തിന്റെ അവശതകള്‍ ശ്രദ്ധിക്കാതെ ഓടിനടക്കുന്നവര്‍ക്കുള്ള ഒരു ഗുണപാഠ കഥ കൂടിയാണ്.
ഇംഗ്ലണ്ടിലെ ചോര്‍ലി സ്വദേശിനിയായ വിക്ടോറിയ ഡാന്‍സണ്‍ രണ്ട് ജോലികളും ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലിസമയവുമായി മല്ലിടുന്നതിനിടയിലാണ് കടുത്ത വയറുവേദന കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തിരക്കിട്ട ജീവിതത്തനിടയില്‍ ആരോഗ്യം ശ്രദ്ധിക്കാത്തത് കൊണ്ട് ഉണ്ടായ ചെറിയ ഒരു ആരോഗ്യപ്രശ്‌നമാണെന്നാണ് എല്ലാവരും കരുതിയത്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രം ആയിരിക്കുമെന്നാണ് ആദ്യം അവര്‍ കണ്ട ഡോക്ടര്‍ പറഞ്ഞത്. പക്ഷേ അതിലും ഗുരുതരമായ എന്തോ പ്രശ്‌നമാണ് തനിക്കെന്ന് വിക്ടോറിയ സംശയിച്ചു. ഒരു വര്‍ഷത്തോളം അവര്‍ പല ഡോക്ടര്‍മാരെയും മാറി മാറി കണ്ടു. നിരവധി പരിശോധനകള്‍ നടത്തി. ഒടുവില്‍ കോളണ്‍സ്‌കോപ്പിയിലാണ് വിക്ടോറിയയെ ബാധിച്ചിരിക്കുന്ന അസുഖം ക്രോണ്‍സ് രോഗമാണെന്ന് കണ്ടെത്തിയത്. വേദന കൊണ്ട് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ച് പോലും ചിന്തിക്കാനാകാത്ത അവസ്ഥയിലായിരുന്നു താനെന്നും വേദന മാറാന്‍ എന്തും ചെയ്തുപോകുമായിരുന്നെന്നും ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ വിക്ടോറിയ പറയുന്നു.
പരിശോധനയില്‍ വിക്ടോറിയയുടെ അടിവയറ്റില്‍ ഒരു നീര്‍ക്കെട്ട് ഉള്ളതായി കണ്ടെത്തി. ഇത് പൊട്ടി ജീവന് തന്നെ ആപത്തായി മാറിയ സാഹചര്യത്തില്‍ ഇനി 24 മണിക്കൂര്‍ മാത്രമേ അവര്‍ക്ക് ആയുസ്സുള്ളു എന്ന് ആശുപത്രി വിധിയെഴുതി. അണ്ഡാശയത്തിന് മുകളിലായുള്ള ഈ മുഴ നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. 2014ലാണ് ശസ്ത്രക്രിയ നടന്നത്. അന്ന് വിക്ടോറിയയുടെ കുടലിന്റെ 18 ഇഞ്ചോളം വരുന്ന ഭാഗം നീക്കം ചെയ്തു. ഇതെത്തുടര്‍ന്ന് ദഹനത്തിന് ശേഷമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനായി ശരീരത്തിന് പുറത്തായി അവര്‍ക്ക് ഇലിയോസ്‌റ്റോമി ബാഗ് ഉപയോഗിക്കേണ്ടതായി വന്നു.
തനിക്കത് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ലെങ്കിലും ജീവന്‍ നില നിര്‍ത്താന്‍ വേറെ വഴികളില്ലായിരുന്നുവെന്ന് വിക്ടോറിയ പറയുന്നു. പിന്നീട് വിക്ടോറിയയുടെ ചെറുകുടലിലും ഇതേ രോഗം വീണ്ടും വന്നു. ഡോക്ടര്‍മാര്‍ വീണ്ടും ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. ഫൈബര്‍ കൂടിയ ഭക്ഷണങ്ങള്‍ കുറച്ചതും ഗ്രീന്‍ ടീ ശീലമാക്കിയതും കഫീന്‍ ഒഴിവാക്കിയതും വിക്ടോറിയയുടെ രോഗം ശമിപ്പിച്ചു.
ശസ്ത്രക്രിയയ്ക്ക് മുമ്പ് ദിവസം 15-20 തവണയെങ്കിലും ടോയ്‌ലെറ്റില്‍ പോകേണ്ട സ്ഥിതിയിലാരുന്നു വിക്ടോറിയ. ഇതോടൊപ്പം ക്ഷീണവും ഉത്കണ്ഠയും കൂടിയായപ്പോള്‍ തളര്‍ന്നുപോയ അവസ്ഥയിലായെന്നും അവര്‍ ഓര്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ ഇതേ രോഗാവസ്ഥയിലുള്ള അനേകം പേര്‍ ആരും സംസാരിക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അവസ്ഥയിലായിരിക്കുമെന്ന് വിക്ടോറിയ ആലോചിക്കുന്നത്. തുടര്‍ന്ന് അവര്‍ക്കായി സഹായസംഘത്തിന് രൂപം നല്‍കാന്‍ വിക്ടോറിയ തീരുമാനിച്ചു. ക്രോണ്‍സ് ആന്‍ഡ് കോളിറ്റിസ് സപ്പോര്‍ട്ട് എന്ന ഗ്രൂപ്പ് നിലവില്‍ വരുന്നത് അങ്ങനെയാണ്. നൂറുകണക്കിന് ആളുകളാണ് ഇന്ന് ഈ ഗ്രൂപ്പിന് കീഴില്‍ വിക്ടോറിയയുടെ സഹായം തേടുന്നത്. തന്റെ അദൃശ്യ രോഗത്തെ കുറിച്ചും അത് മരുന്നില്ലാതെ എങ്ങനെ ചികിത്സിച്ചുവെന്നതിനെ കുറിച്ചുമെല്ലാം സര്‍വ്വകലാശാലകളിലും മറ്റിടങ്ങളിലും വിക്ടോറിയ വര്‍ക്ക്‌ഷോപ്പുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്.
എന്താണ് ക്രോണ്‍സ് രോഗം
ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസിന്റെ (ഐബിഡി) മറ്റൊരു വകഭേദമാണ് ക്രോണ്‍സ് രോഗം. ദഹനേന്ദ്രിയത്തില്‍ എവിടെയെങ്കിലും കോശകലകളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്ന അവസ്ഥയാണത്. ഇതുമൂലം കടുത്ത വയറുവേദന, ഗുരുതരമായ വയറിളക്കം, ക്ഷീണം, ഭാരം നഷ്ടപ്പെടല്‍, പോഷകാഹാരക്കുറവ് എന്നിവയുണ്ടാകും. സാധാരണയായി ചെറുകുടലിലാണ് ഈ രോഗം കൂടുതലായി കാണുന്നതെങ്കിലും ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏതുഭാഗത്തും ഈ പ്രശ്‌നമുണ്ടാകാം. ക്രോണ്‍സ് രോഗത്തിന് കൃത്യമായ ചികിത്സയില്ല. പക്ഷേ തെറാപ്പികളിലൂടെ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കാം.
Discussion about this post