കൊല്ലം: സമകാലീന കാലഘട്ടത്തിൽ അദ്ധ്യാപകർ പീഡിപ്പികപ്പെടുകയും സ്കൂൾ കോളേജ് തലങ്ങളിൽ സ്വതന്ത്രമായി അദ്ധ്യാപനം നടത്താൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നുവെന്ന് ദേശീയ അദ്ധ്യപക പരിഷത്ത്. ഗുരുശിഷ്യ ബന്ധത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ അദ്ധ്യാപക സമൂഹം ഒന്നാകെ വെല്ലുവിളികൾ നേരിടുകയാണെന്ന് എൻടിയു കൊല്ലം ജില്ല പ്രസിഡന്റ് പാറംകോട് ബിജു പറഞ്ഞു.
രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അതിപ്രസരമുള്ള പിടിഎകൾ, അദ്ധ്യാപകർ അവഹേളിക്കപ്പെടേണ്ടവരാണെന്ന കാഴ്ചപ്പാടിൽ പ്രവർത്തിക്കുന്ന ചില വിദ്യാർത്ഥി സംഘടനകൾ, യാഥാർത്ഥ്യങ്ങളറിയാതെയുള്ള രക്ഷകർത്താക്കളുടെയും മാനേജ്മെന്റുകളുടെയും ഇടപെടലുകൾ തുടങ്ങി നിരവധി സമ്മർദ്ദങ്ങൾ അനുഭവിച്ച് കൊണ്ടാണ് അദ്ധ്യാപക സമൂഹം ഇന്ന് പ്രവർത്തിക്കുന്നത്. നിലവിലെ അവസ്ഥയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം അദ്ധ്യാപകർക്ക് ലഭ്യമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻടിയു അഞ്ചൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുവന്ദന ചടങ്ങിൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ ഡോ: കെ.വി.തോമസ് കൂട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ധ്യാപക സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തിത്വങ്ങൾ ആദരിക്കപ്പെടേണ്ടതും ആ സംസ്കാരം സമൂഹത്തിൽ എത്തേണ്ടതും സമകാലീന സമൂഹത്തിൽ അനിവാര്യമായതു കൊണ്ടാണ് ദേശീയ അദ്ധ്യാപക പരിഷത്ത് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് പാറംകോട് ബിജു പറഞ്ഞു. എൻടിയു ഉപജില്ല പ്രസിഡന്റ് ആർ രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ എ അനിൽകുമാർ, സെക്രട്ടറി വിനേഷ് വി, ഉപജില്ല വൈസ് പ്രസിഡന്റ് ആശ എസ്, വനിതാ വിഭാഗം കൺവീനർ രശ്മി എ ആർ, ഗോകുൽകൃഷ്ണൻ, അഖില അശോക് എന്നിവർ സംസാരിച്ചു.
Discussion about this post