എറണാകുളം: സർക്കാർ നഷ്ടപരിഹാരം തന്നാൽ വേണ്ടെന്ന് പറയില്ലെന്ന് ടി.ജെ ജോസഫ് . തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. തന്റെ അവസ്ഥയ്ക്ക് സർക്കാരും ഉത്തരവാദികൾ ആണെന്നും അദ്ദേഹം പറഞ്ഞു. ജീവപര്യന്തം ശിക്ഷ ലഭിച്ച മൂന്ന് പ്രതികളോടും നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തനിക്ക് പണ്ടേ നഷ്ടപരിഹാരം സർക്കാർ നൽകണം ആയിരുന്നു. ഒരു പൗരൻ എന്ന നിലയിൽ തനിക്ക് സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. മൂന്ന് തവണ തനിക്ക് നേരെ ആക്രമണം ഉണ്ടായി. മൂന്ന് തവണയും രേഖാമൂലം പോലീസിന് പരാതിയും നൽകി. എന്നാൽ ഒരു സംരക്ഷണവും ലഭിച്ചില്ല. തന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. അതിനാൽ നഷ്ടപരിഹാരം നൽകണം. കിട്ടിയാൽ വേണ്ടെന്ന് പറയില്ല.
പ്രതികൾക്ക് ഏത് ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കുന്നകാര്യമല്ല. ശിക്ഷ കുറഞ്ഞ് പോയോ കൂടി പോയ എന്നത് ചർച്ച ചെയ്യേണ്ടത് നിയമ വിദഗ്ധരാണ്. മറ്റുള്ളവരെപോലെ വിധി അറിഞ്ഞപ്പോൾ തന്റെയും കൗതുകം ശമിച്ചു എന്നല്ലാതെ പ്രത്യേകിച്ച് വൈകാരികമായി ഒന്നും പ്രതികരിക്കാനില്ല.
തീവ്രവാദം എന്ന നിലയിലാണ് കോടതി കേസ് കൈകാര്യം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രതികൾക്ക് ലഭിച്ചിരിക്കുന്ന ശിക്ഷ തീവ്രവാദ ശക്തികൾക്കേറ്റ പ്രഹരമാണോ എന്നത് രാഷ്ട്രീയ നിരീക്ഷകർ തന്നെ വിശകലനം ചെയ്യട്ടെ. എന്തായാലും കോടതി നടപടിക്രമം പൂർത്തീകരിച്ചു. നിങ്ങളെ പോലെ തന്നെ താനും ഈ വിധി അറിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നാം പ്രതി ഇപ്പോഴും നിയമത്തിന് മുൻപിൽ വന്നിട്ടില്ല. അത് ഒരു പക്ഷേ അന്വേഷണ ഏജൻസികളുടെ പരാജയം ആകാം. അല്ലെങ്കിൽ പ്രതി സമർത്ഥനോ, ഇയാളെ സംരക്ഷിക്കുന്നവർ സമർത്ഥനോ ആകാം.
താൻ ഒരു സാധാരണ പൗരനാണ്. ചിലരുടെ പ്രാകൃതമായ വിശ്വാസ സംഹിതകളുടെ പേരിൽ ആക്രമിക്കപ്പെട്ടു എന്നേ ഉള്ളൂ. അനുഭവിക്കാനുള്ളത് മുഴുവൻ അനുഭവിച്ചു. അതിന്റെ പേരിൽ ആരെയും വേദനിപ്പിക്കുന്നതിനോട് താത്പര്യം ഇല്ല. എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആധുനിക കാലത്ത് ഇത്തരത്തിലുള്ള പ്രാചീന ചിന്താഗതികളും കൊണ്ട് ജീവിക്കുന്നവർ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എല്ലാവരും അറിയണം.
വളരെ നല്ലകാര്യം ചെയ്തുവെന്ന വിശ്വാസത്തിലാകാം അവർ ഇത്തരം ഒരു കാര്യം ചെയ്തിരിക്കുക. യാതൊരു ഭയവുമില്ലാതെ സ്വതന്ത്ര്യമായി വിഹരിക്കാൻ എല്ലാവർക്കും വഴിയുന്ന ഒരു രാജ്യം സംജാദമാകണം. ഇനിയും ഇതുപോലെയുളള ആക്രമണം ഉണ്ടാകുമെന്ന് ഭയമില്ല. ജീവഭയം എല്ലാ ജീവികളെ പോലെ തനിക്കും ഉണ്ട്. എന്നാൽ ആരെയും പേടിച്ച് ജീവിക്കാൻ ഒരുക്കമല്ല. കേസിൽ തനിക്ക് ഉണ്ടായിരുന്ന ഉത്തരവാദിത്വം എന്നത് സാക്ഷി പറയുക എന്നത് മാത്രമാണ്. ഒരു പൗരനെന്ന നിലയിൽ അത് ചെയ്ത് തീർത്തുവെന്നും ജോസഫ് വ്യക്തമാക്കി.
Discussion about this post