ന്യൂഡൽഹി: ഭീകരവാദ ഗൂഢാലോചന കേസിൽ ജമ്മു-കാശ്മീരിലെ മൂന്ന് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. 5 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഷോപ്പിയാൻ, അവന്തിപോര, പുൽവാമ ജില്ലകളിലായിരുന്നു പരിശോധന.
തീവ്രവാദ നിലപാടുളള ദ റെസിസ്റ്റൻസ് ഫ്രണ്ട്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ജമ്മു ആൻഡ് കശ്മീർ, മുജാഹിദീൻ ഗസ്വാത്ത് -ഉൽ-ഹിന്ദ്, ജമ്മു-കാശ്മീർ ഫ്രീഡം ഫൈറ്റേഴ്സ്, കാശ്മീർ ടൈഗേഴ്സ്, പിഎഎഎഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരെയും നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന.
പാകിസ്താൻ ബന്ധമുളള നിരോധിത ഭീകരസംഘടനകളായ ലഷ്‌കർ-ഇ-തൊയിബ, ജയ്ഷ് ഇ മൊഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ, അൽ ബാദർ, അൽ ഖ്വായ്ദ എന്നിവയുമായി ബന്ധമുള്ള സംഘടനകളാണിത്. ലഷ്‌കർ ഇ ത്വോയ്ബയുടെ നിഴൽ സംഘടനയാണ് ദ റസിസ്റ്റൻസ് ഫ്രണ്ട്. കശ്മീരിൽ ആക്രമണം നടത്തുമെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇവർ നിരന്തരം ഭീഷണി മുഴക്കുന്നതായി സുരക്ഷാ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഡിജിറ്റൽ ഉപകരണങ്ങളും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ലഘുലേഖകളും റെയ്ഡിൽ പിടിച്ചെടുത്തു.
ഭീകരർക്ക് വിവരങ്ങൾ കൈമാറി സഹായം ചെയ്തു നൽകുന്ന ഓവർ ഗ്രൗണ്ട് വർക്കേഴ്‌സും ഹൈബ്രിഡ് ഭീകരരും കശ്മീരിൽ ഭീകരപ്രവർത്തനം ഇപ്പോഴും അവശേഷിക്കുന്നതിൽ പങ്ക് വഹിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇവരെക്കുറിച്ചുളള വിവരങ്ങൾ ശേഖരിക്കാൻ കൂടിയാണ് ഏജൻസികൾ ഇടയ്ക്കിടെ റെയ്ഡുകൾ നടത്തുന്നത്. കശ്മീരിലെ കലാപങ്ങളിലും സംഘർഷങ്ങളിലും ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ എൻഐഎ കഴിഞ്ഞ ജൂണിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Discussion about this post