കോഴിക്കോട് : ആശുപത്രിയിലെ ഡോക്ടർമാരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം താലൂക്ക് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഇവരുടെ മുഖം വ്യക്തമായിരുന്നു. തുടർന്ന് നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്.
ചൊവ്വാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ചേർന്ന് ആക്രമിച്ചത്. വയനാട് നിന്ന് ചെവിക്ക് അസ്വസ്ഥതയുളള ആളോടൊപ്പം ചികിത്സയ്‌ക്കെത്തിയതായിരുന്നു സംഘം.
ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയപ്പോൾ കൂടെയുളള ആളിനും അസുഖമുണ്ടെന്നും മരുന്ന് വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി ആശുപത്രി ജീവനക്കാരുമായി വാക്കേറ്റമുണ്ടാകുകയും അത് കൈയ്യേറ്റത്തിൽ കലാശിക്കുകയുമായിരിന്നു എന്നാണ് പരാതി.
വന്നയാളുകളുടെ കൃത്യമായ മേൽവിലാസം ആശുപത്രി രജിസ്റ്ററിൽ ഇല്ലാത്തതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ പരിശോധനയാണ് പ്രതികളിലേക്ക് എത്തിച്ചത്. മർദ്ദനം, അസഭ്യവർഷം തുടങ്ങിയ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമ പ്രകാരവുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post