തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹം പോലെ വിനുവിന്റെ കൈപിടിച്ച് ശ്രീലക്ഷ്മി. ഇന്ന് രാവിലെ ശിവഗിരിയിൽ ആയിരുന്നു വിനുവിന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹം നടന്നത്. വിവാഹ തലേന്ന് അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ശ്രീലക്ഷ്മിയുടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. രാവിലെ അച്ഛനെ സംസ്‌കരിച്ച സ്ഥലത്ത് എത്തി ശ്രീലക്ഷ്മി പുഷ്പാർച്ചന നടത്തി. ഇതിന് ശേഷമായിരുന്നു ക്ഷേത്രത്തിലേക്ക് പോയത്. ഇവിടെയും ലളിതമായ ചടങ്ങുകൾ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. വിവാഹത്തിന് വിനുവിന്റെയും അടുത്ത ബന്ധുക്കൾ മാത്രമാണ് എത്തിയിരുന്നത്.
കഴിഞ്ഞ മാസം ആയിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹ തലേന്ന് രാജു കൊല്ലപ്പെടുകയായിരുന്നു. പ്രദേശവാസിയായ ജിഷ്ണു ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് രാജുവും കുടുംബവും വിസമ്മതിക്കുകയായിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് ജിഷ്ണു വിവാഹ തലേന്ന് രാജുവിനെ കൊലപ്പെടുത്തിയത്.
രാജുവിന്റെ മരണത്തിന് പിന്നാലെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. സംഭവങ്ങളുടെ പേരിൽ ശ്രീലക്ഷ്മിയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറില്ലെന്ന് വിനു വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് ചടങ്ങ് നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു.
Discussion about this post