ന്യൂഡൽഹി: പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് നരേന്ദ്രമോദി വിവരങ്ങൾ തേടിയത്. നിലവിൽ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഫ്രാൻസിലാണ് പ്രധാനമന്ത്രി.
ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ തേടിയത്. യമുന നദിയിലെ ജല നിരപ്പിനെക്കുറിച്ച് പ്രധാനമന്ത്രിയെ അമിത് ഷാ ധരിപ്പിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ജലനിരപ്പ് അപകടമാംവിധം ഉയരാൻ സാദ്ധ്യതയുണ്ടെന്ന വിവരം പ്രധാനമന്ത്രിയെ അറിയിച്ചു. ലഫ്. ഗവർണറുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയെ ഡൽഹിയിൽ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അമിത് ഷാ പ്രധാനമന്ത്രിയെ അറിയിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് ഡൽഹിയിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. യമുനയിലെ ജലനിരപ്പ് ഉയർന്നത് സാഹചര്യത്തിൽ കൂടുതൽ ഗുരതരമാക്കി. മഴയും വെള്ളപ്പൊക്കവും രൂക്ഷമായതിനെ തുടർന്ന് സ്‌കൂളുകൾക്ക് സർക്കാർ അവധി നൽകിയിട്ടുണ്ട്.
Discussion about this post