എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച് ജോലി തട്ടാൻ ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണത്തിനായി സർവ്വകലാശാല നിയോഗിച്ച സമിതിയുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചു. എന്നിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണവും നടക്കാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കാലടി ശ്രീ ശങ്കരാചാര്യ കോളേജിലാണ് വിദ്യ പിഎച്ച്ഡി ചെയ്യുന്നത്. സംവരണം അട്ടിമറിച്ചാണ് വിദ്യ പിഎച്ച്ഡിയ്ക്ക് നിയമനം നേടിയത് എന്നാണ് ഉയരുന്ന ആരോപണം. ഇതേ തുടർന്ന് സിൻഡിക്കേറ്റിന്റെ ലീഗൽ ഉപസമിതിയെ അന്വേഷണം നടത്താൻ വി.സി ചുമതലപ്പെടുത്തുകയായിരുന്നു. സിൻഡിക്കേറ്റ് അംഗവും ഒറ്റപ്പാലം എംഎൽഎ കെ.പ്രേംകുമാറിനെയായിരുന്നു അന്വേഷണ ചുമതല. എന്നാൽ ഒരന്വേഷണവും സമിതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
കാലാവധി അവസാനിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം സിൻഡിക്കേറ്റ് യോഗം ചേർന്നിരുന്നു. ഇതിൽ റിപ്പോർട്ട് സമർപ്പിക്കാതിരുന്ന സമിതി വിഷയം ചർച്ച ചെയ്യാൻ പോലും തയ്യാറായില്ല. ഈ കാലയളവിൽ ആകെ ഒരു തവണ മാത്രമാണ് സമിതി സിറ്റിംഗ് നടത്തിയിട്ടുള്ളവെന്നാണ് വിവരം.
സിറ്റിംഗ് പോലും ചേരാത്തതിൽ മുടന്തൻ ന്യായങ്ങൾ ആണ് സമിതി നൽകുന്നത്. ഒത്തു ചേരുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് യോഗം ചേരാത്തത് എന്നാണ് നൽകുന്ന വിശദീകരണം. അന്വേഷണം നടത്താതെ ആരോപണം തേച്ച്മായ്ച്ചു കളയുകയാണ് ലക്ഷ്യമിടുന്നത് എന്നാണ് ആക്ഷേപം.
Discussion about this post