മഞ്ചേരി: നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ബിജു നിവാസില്‍ ബി.കെ. ബിജു, കുന്നശേരി ഷംസുദ്ദീന് എന്ന ബാപ്പുട്ടി എന്നിവര്‍ക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇരുവര്‍ക്കുമെതിരെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു.വൈദ്യുതി മന്ത്രി ആര്യാടന് മഹമ്മദിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമാണ് ബി.കെ ബിജു.
2014 ഓഗസ്റ്റ് 29 നു തുടങ്ങിയ പ്രോസിക്യൂഷന് വാദം ഡിസംബര്‍ 31 നു പൂര്‍ത്തിയായിരുന്നു. സാക്ഷികളായി 108 പേരെ പ്രോസിക്യൂഷന് വിസ്തരിച്ചു. 264 രേഖകളും 165 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.2014 ഫെബ്രുവരി അഞ്ചിനാണു നിലമ്പൂര്‍ കോവിലകത്തു മുറിയില്‍ ചിറയ്ക്കല്‍ രാധ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത്.
കൊലപാതകം കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മൃതദേഹം ചുള്ളിയോട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. മുഖത്തൊട്ടിക്കാനുള്ള പ്ലാസ്റ്റര്‍, മൃതദേഹം ഒളിപ്പിക്കാനുള്ള ചാക്ക് എന്നിവ നേരത്തെ സംഘടിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ അങ്ങാടി പുറം റെയില്‍വെ പാളത്തില്‍ ഉപേക്ഷിച്ചു. ചെരുപ്പ് മറ്റൊരിടത്തും, വസ്ത്രങ്ങള്‍ വേറൊരിടത്തും ഉപേക്ഷിച്ചു. ബിജുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൂടുതല്‍ തെളിവുകള്‍ ലഭ്യമായത്. 65 തെളിവുകളും 65 തൊണ്ടുമുതലും കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വികാരം ഉണ്ടാക്കിയ കേസ് കൂടിയാണ് നിലമ്പൂര്‍ രാധാവധക്കേസ്.
Discussion about this post