എറണാകുളം: കസ്റ്റഡിയിൽ എടുത്ത വിദ്യാർത്ഥികളെ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പുറത്തിറക്കി റോജി എം ജോൺ എംഎൽഎയും സംഘവും. കാലടി പോലീസ് സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. പാർട്ടി പ്രവർത്തകർ പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അവരുമായി കയർക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
രാവിലെയോടെയായിരുന്നു സംഭവം. കാലടി ശ്രീശങ്കരാചാര്യ കോളേജിലെ കെഎസ് യു പ്രവർത്തകരായ വിദ്യാർത്ഥികളെയായിരുന്നു പോലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ലോക്കപ്പിൽ ഇടുകയായിരുന്നു. എട്ട് വിദ്യാർത്ഥികളെയായിരുന്നു കസ്റ്റഡിയിൽ എടുത്തത്
ഇവരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു റോജി എം ജോണും സംഘവും പോലീസ് സ്‌റ്റേഷനിൽ എത്തിയത്. തുടർന്ന് അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ലോക്കപ്പ് തുറന്ന് പുറത്തിറക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരോട് പ്രവർത്തകർ കയർക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏകപക്ഷീയമായാണ് പോലീസ് പെരുമാറുന്നത് എന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു. പോലീസ് സ്‌റ്റേഷനിലേക്ക് കൂടുതൽ കോൺഗ്രസ് പ്രവർത്തകർ എത്തിക്കൊണ്ടിരിക്കുകയാണ്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പോലീസ് സ്‌റ്റേഷനിലേക്ക് എത്തുന്നുണ്ട്.
Discussion about this post