തിരുവനന്തപുരം: ഇന്ത്യൻ സിം കാർഡുകൾ ഇല്ലാത്ത യാത്രക്കാർക്കും സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. രാജ്യാന്തര യാത്രക്കാരെ ലക്ഷ്യമിട്ടാണ് സേവനം. യാത്രക്കാർക്ക് രണ്ട് മണിക്കൂർ ഇത്തരത്തിൽ സൗജന്യ വൈഫൈ ഉപയോഗിക്കാം. കേരളത്തിൽ ഇത്തരം സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ വിമാനത്താവളമാണ് തിരുവനന്തപുരത്തേത്.
വൈഫൈ കൂപ്പൺ കിയോസ്‌കുകൾ വഴിയാണ് ഈ സൗകര്യം യാത്രക്കാർക്ക് ലഭ്യമാക്കുക. പാസ്‌പോർട്ടും ബോർഡിങ് പാസും സ്‌കാൻ ചെയ്ത ശേഷം ലഭിക്കുന്ന വൈഫൈ പാസ് വേഡ് അടങ്ങിയ കൂപ്പൺ ഉപയോഗിച്ച് സേവനം ഉപയോഗിക്കാവുന്നതാണ്. മുൻപ് വിമാനത്താവളത്തിൽ ഇന്ത്യൻ സിം കാർഡ് ഉപയോഗിച്ച് മാത്രമാണ് സൗജന്യ വൈഫൈ സേവനം ലഭ്യമായിരുന്നത്.
ഇന്റർനാഷണൽ, ഡൊമിസ്റ്റിക് ടെർമിനലുകളുടെ ഡിപ്പാർച്ചർ ഹാളിലാണ് വൈഫൈ കൂപ്പൺ കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുളളത്. കൂടുതൽ കിയോസ്‌കുകൾ വിമാനത്താവളത്തിനുളളിൽ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വിദേശരാജ്യങ്ങളിലെ സിം കാർഡുകളുമായി എത്തുന്ന യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും.
Discussion about this post