ബംഗലൂരു; ബംഗലൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വീണ്ടും കേരളത്തിലെത്താൻ അനുമതി. സുപ്രീംകോടതിയാണ് മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് നൽകിയത്. കൊല്ലത്തെ വീട്ടിലേക്ക് വരാനാണ് അനുമതി.
15 ദിവസത്തിലൊരിക്കൽ വീടിന് സമീപമുളള പോലീസ് സ്്‌റ്റേഷനിൽ ഹാജരാകണം. വിചാരണഘട്ടത്തിൽ അടക്കം തന്റെ ആവശ്യമില്ലെന്നും അതുകൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നുമുളള അപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു.
നേരത്തെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ മഅദനിയെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കണമെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ആയിരുന്നു മഅദനി ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടത്. എന്നാൽ സുപ്രീംകോടതി അനുവദിച്ച സമയത്തിന്റെ അവസാനഘട്ടത്തിലാണ് മഅദനിക്ക് കേരളത്തിലെത്താനായത്. കൊച്ചിയിലെത്തിയ മഅദനിയെ ക്രിയാറ്റിൻ ഉയർന്നതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ആശുപത്രിയിലായിരുന്നതിനാൽ പിതാവിനെ സന്ദർശിക്കാനായില്ലെന്ന് കാട്ടിയാണ് മഅദനി വീണ്ടും ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയത്. നേരത്തെ ചികിത്സ തേടിയിരുന്നത് കൊച്ചിയിൽ ആയതിനാൽ തുടർചികിത്സയ്ക്ക് കൊല്ലം ജില്ല വിടാനുളള അനുമതിയും കോടതി നൽകിയിട്ടുണ്ട്.
Discussion about this post