മലപ്പുറം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കെതിരെയുള്ള തന്റെ വിമർശനങ്ങൾ തുടർന്ന് സമസ്ത മുശവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്വി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുസ്ലീം ലോകത്തെ പറഞ്ഞ് വഞ്ചിച്ച് കൊലച്ചതി ചെയ്തവരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയിലെ ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ രക്ഷിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ നടന്നതാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ചരിത്രത്തിൽ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചവരോട് ഒരിക്കലും യോചിക്കാനാവില്ല. സമസ്തയെ ഒന്നും ചെയ്യാൻ സിപിഎമ്മിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിങ്ങളോട് എതിർപ്പില്ലാത്ത കമ്മ്യൂണിസമില്ല. ദക്ഷിണ-ഉത്തര ധ്രുവങ്ങൾ ഒന്നിപ്പിക്കാൻ പറ്റാത്തത് പോലെയാണ് കമ്മ്യൂണിസവും ഇസ്ലാമും തമ്മിൽ യോജിച്ച് പോകാൻ കഴിയില്ല. പഴയ നിലപാട് തന്നെയാണ് അവർക്കിപ്പോഴുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തത് സമസ്ത മുശാവറ തീരുമാനമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുശാവറ രണ്ട് മാസം മുമ്പാണ് യോഗം ചേർന്നത്. അന്ന് ഇത് ചർച്ചക്ക് വന്നിട്ടില്ല. സമസ്ത ഭാരവാഹികൾ പരസ്പരം ചർച്ച ചെയ്തായിരിക്കും സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും നദ്വി പറഞ്ഞു.
ഏക സിവിൽകോഡിൽ സിപിഎം നിലപാടിനെ നദ്വി നേരത്തെയും വിമർശിച്ചിരുന്നു. ‘മൂന്നരപ്പതിറ്റാണ്ട് മുമ്പ് കേരളത്തിലിരുന്ന് ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനനുകൂലമായി വാദിച്ചവർ ഇപ്പോൾ യു.സി.സി ക്കെതിരെ മുതലക്കണ്ണീരൊഴുക്കുന്നതിനു പിന്നിലെ അജണ്ട വേറെയാണ്.അത്തരക്കാരെ പ്രത്യേകം ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ.
Discussion about this post